earn cash

Friday, April 2, 2010

ഭൂതം ആവേശിച്ച വണ്ടി; ഒരു ഏപ്രില്‍ ഫൂള്‍ ഡയറിക്കുറിപ്പ്‌



എത്ര ജാഗ്രതയോടെ ഇരുന്നാലും ഏപ്രില്‍ ഒന്നിന് ഫൂളാകാനാണ് വിധിയെങ്കില്‍ അതിനെ തടുക്കാന്‍ ദൈവം തമ്പുരാനു പോലും കഴിയില്ലെന്ന് ഇപ്പോള്‍ എനിക്കുറപ്പായി.
മാര്‍ച്ച് 31ന് വൈകിട്ട് 11.30 ഓടെ ഉറങ്ങാന്‍ പോകുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു. നേരം വെളുക്കുമ്പോള്‍ നമ്മളെ ഫൂളാക്കാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്ന ആരെങ്കിലും എന്തെങ്കിലും വികൃതി ഒപ്പിക്കാതിരിക്കില്ല. ഒന്നു കരുതിയിരിക്കണം. കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ. മുമ്പ് നാട്ടുകാരെ ഫൂളാക്കാന്‍ നിരവധി മാര്‍ച്ച് 31 കളില്‍ ഉറക്കമിളച്ച പാരമ്പര്യം ഉള്ളതിനാല്‍ എന്തും നേരിടാനുള്ള മുന്നൊരുക്കം എടുത്തിരുന്നു. രാവിലെ വിളിച്ചുണര്‍ത്തി ഒരു ഫോണ്‍കാള്‍... അതല്ലെങ്കില്‍ കണികാണാന്‍ എന്തെങ്കിലും വികൃതികള്‍...അതിലുമപ്പുറം ഒന്നുമുണ്ടാകാനിടയില്ല.
വീടിനോടു ചേര്‍ന്നുള്ള തറവാട്ടു വീട്ടിലാണ് ഞാന്‍ അന്തിയുറങ്ങുന്നത്. അവിടെ ഇളയച്ഛന്‍ മാത്രമാണുള്ളത്. 64 വയസെങ്കിലുമുണ്ട് ഇളയച്ഛന്. തനിച്ചാകാതിരിക്കാന്‍ ഞാന്‍ രാത്രിയാകുമ്പോള്‍ അങ്ങോട്ടു പോകും. പുതിയ വീടു വച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. വളരെ അപൂര്‍വം ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അവിടെ അന്തിയുറങ്ങാറുള്ളു. ചെറുപ്പം മുതല്‍ തറവാട്ടിലാണ് എന്റെ വാസം. അത് അവസാനിപ്പിക്കാന്‍ മടി. കൂടെ ഇളയച്ഛന്‍ ഒറ്റയ്‌ക്കേയുളളുവെന്ന വൈകാരികതയും. പുതിയ വീട്ടില്‍ നിന്ന് കഷ്ടിച്ച് 15 മീറ്റര്‍ അകലമേയുള്ളു തറവാട്ടിലേക്ക്. ഒന്നു തുമ്മിയാല്‍ കേള്‍ക്കാം.

(ഇതാണ് തറവാട്ട് വീട്. കടുത്തുരുത്തി തിരുമഠത്തില്‍ വീട് )


അനുജന്‍ ടാറിംഗ് പണികള്‍ കരാറെടുത്തു നടത്തുകയാണ്. എന്നു കരുതി വമ്പന്‍ കോണ്‍ട്രാക്ടറൊന്നുമല്ല. പ്രൈവറ്റ് ടാറിംഗ് പണികള്‍ നടത്തി അല്ലലില്ലാതെ പോകുന്നു. അത്ര തന്നെ. നേരത്തെ അച്ഛനും ഇതേ പണി തന്നെയായിരുന്നു. അച്ഛന്‍ മരിച്ചിട്ട് 6 വര്‍ഷമായി. പിന്നെ അനുജന്‍ ആ പണി ഏറ്റെടുത്തു. ഞാന്‍ പണ്ടേ മടിയനായിരുന്നു. എന്നെ ഈ പണി പഠിപ്പി്ക്കാന്‍ അച്ഛന്‍ ഏറെ പയറ്റിയതാണ്. തോറ്റു തൊപ്പിയിട്ടത് മിച്ചം. അച്ഛന്റെ മരണ ശേഷം വീട്ടിലെ കാര്യങ്ങള്‍ ഇത്തിരി പരുങ്ങലിലായി. എനിക്കു കാര്യമായ പണിയില്ല. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനായി വിരാജിക്കുകയായിരുന്നു അന്നു ഞാന്‍. കൂടി വന്നാല്‍ മാസം 1250 രൂപ കൈയ്യില്‍ കിട്ടും. അതു കൊണ്ട് ഒന്നുമാകില്ല. പത്ര പ്രവര്‍ത്തനത്തിന്റെ ചെലവുകളും അതില്‍ നിന്ന് പോകും. പിന്നെ വട്ടപൂജ്യനായാണ് നടപ്പ്. അതു വരെ ആ നടപ്പ് എനിക്ക് പ്രയാസമായിരുന്നുമില്ല. കഥ മാറി മറിഞ്ഞത് പിന്നീടാണല്ലോ. അച്ഛന്റെ മരണശേഷം...
അങ്ങനെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴാണ് ഒരു ആശയം തെളിഞ്ഞത്. ആയിടയ്ക്ക് റോഡ് ടാറിംഗിന് പഴയ ജീപ്പ് പിന്നില്‍ പെട്ടി കയറ്റി ടിപ്പറാക്കി ഉപയോഗിച്ചു തുടങ്ങിയിരുന്നു. അതു വരെ പഴപഴഞ്ചന്‍ ഓട്ടോറിക്ഷകള്‍ കൈയ്യടക്കിയിരുന്ന മേഖലയാണ്. ഇത്തരം ജീപ്പിന് ഒരു ദിവസം 1000 രൂപയോളമാണ് വാടക. വാടകയ്‌ക്കെടുക്കുന്ന കക്ഷി ഇന്ധനം അടിച്ചു കൊള്ളും ഡ്രൈവര്‍ക്ക് 300 രൂപ കൂലി കൊടുത്താല്‍ 700 രൂപ ലാഭം! അതു കൊള്ളാവുന്ന സംഗതിയായി ഞങ്ങള്‍ക്കു തോന്നി. എന്റെ ഗുരുതുല്യനായ സുഹൃത്ത്  പ്രകാശ്‌സാര്‍ 25000 രൂപ കടം തന്ന് സഹായിക്കാന്‍ തയ്യാറാതോടെ തലയോലപ്പറമ്പ് വടയാറില്‍ നിന്ന് ഒരു പഴഞ്ചന്‍ ജീപ്പ് 23000 രൂപയ്ക്ക് വാങ്ങി. ജീപ്പ് ആള്‍ട്ടര്‍ ചെയ്ത് പെട്ടി കയറ്റി ഓട്ടത്തിന് തയ്യാറാക്കി. 

എന്നാല്‍ ഭാഗ്യം എതിര്‍ ദിശയിലായിരുന്നു. രണ്ടു ദിവസം പണിക്കു പോയാല്‍ നാലു ദിവസം പണിക്കു കയറ്റേണ്ട നിലയിലായിരുന്നു ജീപ്പിന്റെ സ്ഥിതി. കൂനിന്മേല്‍ കുരുവായതോടെ ആ വണ്ടി പാട്ട വിലയ്ക്ക് തൂക്കി വില്‍ക്കേണ്ടി വന്നു. പിന്നെ മുത്തശ്ശിയുടെ കൂടി ധന സഹായത്തോടെ വേറൊരു ജീപ്പ് വാങ്ങി. പഴയ ഒരു പോലിസ് ജീപ്പ്. നല്ല റണ്ണിംഗ് കണ്ടീഷന്‍. കണ്ടാല്‍ ആള്‍ട്ടര്‍ ചെയ്യാന്‍ തോന്നില്ലാത്ത ഗാംഭീര്യം. പക്ഷെ നമുക്കു വേറെ വഴിയില്ലല്ലോ.. ടിപ്പറാക്കി. ഇപ്പോള്‍ ഞങ്ങളുടെ കൂടെപ്പിറപ്പിനെ പോലെയായി അവന്‍. അവനാണ് ഈ എപ്രില്‍ ഫൂള്‍ കഥയിലെ നായകന്‍.



(നമ്മളെ വിരട്ടിയ ശേഷമുള്ള കിടപ്പാണ് കള്ളന്‍)

അങ്ങനെ ഞാന്‍ പുതിയ വീട്ടില്‍ നിന്ന് തറവാട്ടിലേക്ക് ഉറങ്ങാനായി പോയി. വൈകാതെ തന്നെ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
ഞങ്ങളുടെ വീട് ഇരിക്കുന്നത് റോഡരികിലാണ്. ചിത്താന്തി കുന്നിലേക്കുള്ള കയറ്റമാണ് ഈ റോഡ്. ടാര്‍ ചെയ്തതാണെങ്കിലും ഒക്കെയും പൊട്ടിപ്പൊളിഞ്ഞിട്ടാണ്. വണ്ടി കയറി വരാന്‍ ഇത്തിരി വിഷമിക്കും. ഞങ്ങളുടെ പുതിയ വീടിന് ഗേറ്റില്ല. റോഡിലേക്കു തുറന്നിരിക്കുന്ന നിലയിലാണ്. പുതിയ വീടിന്റെ തെക്കു വശത്ത് വീതിയുള്ള മുറ്റമുണ്ട്. അവിടെയാണ് ജീപ്പ് ഇടാറ്. ഉയര്‍ന്നു നിന്നിരുന്ന പറമ്പ് മണ്ണെടുത്തുണ്ടാക്കിയ മുറ്റമാണിത്. മണ്ണ് മാറ്റിയത് മുറ്റത്തിന്റെ കിഴക്കു ഭാഗത്ത് കൂട്ടിയിട്ടിട്ടുമുണ്ട്. അതിനോട് തൊട്ടു ചേര്‍ന്ന് ഒരു സര്‍പ്പപ്പാലയുണ്ട്. മുമ്പ് മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ വിളക്കു വച്ചിരുന്നതാണ്. ഒരു വര്‍ഷം മുമ്പ് മുത്തശ്ശി മരിച്ചതോടെ വിളക്കുവയ്പും ആരാധനയുമെല്ലാം നിന്നു. കാടു കയറി അതങ്ങനെ നില്‍പാണ്. ചില നേരങ്ങളില്‍ പാലപ്പൂവിന്റെ മാദഗ ഗന്ധം ഉയരും നേര്‍ത്ത യക്ഷിപ്പേടിയും മറ്റും തോന്നുന്നത് അപ്പോളാണ്. കാര്യം ഞാന്‍ ഭൗതിക വാദിയൊക്കെയാണെങ്കിലും ചിലപ്പോള്‍ രാത്രി ഈ പാലപ്പൂഗന്ധം അനുഭവപ്പെടുമ്പോള്‍ നേരിയ ഭാവന ഇതള്‍ വിടരുകയും ചില്ലറ പേടി തോന്നുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോള്‍, പറഞ്ഞു വന്നത് നേരത്തെ തന്നെ ഈ സര്‍പ്പപ്പാല കേന്ദ്രീകരിച്ച് വിശ്വാസത്തിന്റെ നിഗൂഡഭയം ഇവിടെ നിലനില്‍ക്കുന്നുണ്ട്. 

(മുത്തശ്ശിയുടെ സര്‍പ്പപ്പാല)

ഏതോ വണ്ടിയുടെ ഇരമ്പല്‍ കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സമയം എത്രയായെന്ന് തിട്ടമില്ല. ഞാന്‍ കിടക്കുന്ന മുറിയില്‍ ഒരു ക്ലോക്കുണ്ടെങ്കിലും അത് ചത്തിട്ട് മാസങ്ങളായി. ബാറ്ററി മാറിവയ്ക്കുന്ന കാര്യം എപ്പോളും മറക്കും. ഏതോ വണ്ടി കയറ്റം കയറി വരികയാണെന്ന് ഞാന്‍ കരുതി. കണ്ണുകളില്‍  ഉറക്കം കനം തൂങ്ങി നില്‍ക്കുകയാണ്. 
ഇടയ്ക്ക് അങ്ങനെ അതു വഴി വണ്ടി കയറി വരാറുണ്ട്. ഞാന്‍ കുറച്ചു മാത്രകള്‍ കൂടി കാതോര്‍ത്തു കിടന്നു. അപ്പോള്‍ എന്തോ  എന്തിലോ ഇടിക്കുന്ന ശബ്ദം. തുടര്‍ന്ന് ഇരമ്പല്‍ ഒന്നു കൂടി കരുത്താര്‍ജ്ജിച്ചതും കേട്ടു. കയറ്റം കയറി വരേണ്ട വണ്ടി കയറി പോകേണ്ട സമയം കഴിയുകയും ചെയ്തു. ഇരമ്പല്‍ അതേപടി നില്‍ക്കുകയാണ്. സംശയമായി.ആശങ്കയും.....എന്തായിരിക്കും? 
പതിയെ കട്ടിലില്‍ നിന്ന് എണീറ്റു. ഇളയച്ഛന്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. കൂര്‍ക്കം വലി കേള്‍ക്കാം. ഇനി എനിക്കു തോന്നുന്നതാണോ? ഞാന്‍ കാതില്‍ ചെറുതായി നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. അപ്പോള്‍ പുറത്തെന്തോ സംഭവിക്കുന്നുണ്ട്. പുറത്തേക്കിറങ്ങാന്‍ ചെറിയ പേടി തോന്നി. എന്നാലും ഒന്നു നോക്കാതിരിക്കുന്നതെങ്ങനെ....
ശബ്ദമുണ്ടാക്കാതെ തറവാട് വീടിന്റെ മുന്‍വാതില്‍ തുറന്നു. പതിയെ പുറത്തിറങ്ങി. നല്ല നിലാവുണ്ട്. ചുറ്റുപാടുകള്‍ ഏതാണ്ട് നന്നായി കാണാം. ഇരമ്പല്‍ ശ്ബദം കൂടിയ പോലെ. എന്റെ വീട്ടില്‍ നിന്നാണല്ലോ.. ഇരമ്പല്‍ ശബ്ദത്തിന്റെ ദിശ തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചിടിപ്പിന് ആക്കം കൂടി. ആകെ കൂടി ഒരു പരവേശം...ഒറ്റകുതിപ്പിന് തറവാട്ടു വീടിന്റെ വടക്കേ മുറ്റത്തേക്കെത്തി. നോക്കിയപ്പോള്‍ ഞങ്ങളുടെ ജീപ്പ്!!! അത് ഭയങ്കര ശബ്ദത്തോടെ നിന്ന് ഇരയ്ക്കുകയാണ്. വീട്ടിലെ ലൈറ്റുകളൊന്നും തെളിഞ്ഞിട്ടില്ല. അനിയനാണ് വണ്ടി ഓടിക്കുന്നതും മറ്റും. എനിക്ക് ഇത്യാദി സുകുമാര കലകളൊന്നും നല്ല വശമില്ല. ഇവനെന്തിനാണ് വണ്ടി ഇങ്ങനെ ഇരപ്പിക്കുന്നതെന്നാണ് ഞാന്‍ ആദ്യം സംശയിച്ചത്. നോക്കുമ്പോള്‍ വണ്ടിയുടെ പിന്നില്‍ നിന്ന് കട്ടിപ്പുക ഉയരുന്നു. വണ്ടി കത്തുകയാണോ!!!???
അടിവയറ്റില്‍ നിന്ന് ഒരാന്തല്‍. അരുതാത്തതെന്തോ സംഭവിക്കുന്നു!!! ഞാന്‍ താഴേക്ക്(പുതിയ വീട്ടിലേക്ക്) കുതിച്ചു. 
(പുതിയ വീട്. വലതു വശത്തുകാണുന്ന മണ്‍നിറമുള്ള ഇടത്താണ് സംഭവം)


അപ്പോളേക്കും അമ്മ ഉണര്‍ന്നു ലൈറ്റിട്ടു. തെക്കേ മുറ്റത്തേക്കുള്ള സി എഫ് എല്‍ ഫ്യൂസായിപോയിട്ട് മാസങ്ങളായി. അങ്ങോട്ടു മാത്രം വെളിച്ചമില്ല. ഞാന്‍ താഴെ ചെന്ന് ജനാലയില്‍ മുട്ടി വിളിച്ചു. വാതില്‍ തുറന്ന് അമ്മയും അനുജനും അനുജത്തിയും പുറത്തേക്കു വന്നു. അനുജന്റെ മുഖത്ത് ഉറക്കം നിറഞ്ഞു നില്‍ക്കുന്നു. അവന്‍ ഒന്നും മനസിലാകാതെ നില്‍പാണ്. ഞാന്‍ ഇവിടെ ഇട്ടിരുന്ന ജീപ്പാണല്ലോ.. അതെങ്ങനെ അവിടെ ചെന്നു? അവന്‍ ആത്മഗതം ചെയ്യുന്നു. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല.
' എടാ ജീപ്പ് കത്തുന്നു വേഗം വെള്ളമെടുക്ക്...' 
അതു പറഞ്ഞു കൊണ്ട് ഞാന്‍ പൈപ്പിന്റെ ചുവട്ടിലേക്കോടി. ബാക്കിയുള്ളവര്‍ ജീപ്പിനടുത്തേക്കും ഓടി. ഞാന്‍ വെള്ളവുമായി ചെല്ലുമ്പോള്‍, റിവേഴ്‌സ് ഗിയറില്‍ പരക്കം പായുന്ന നിലയിലാണ് ജീപ്പ്. മുറ്റത്തിന്റെ കിഴക്കുവശത്തു കൂട്ടിയിട്ടിട്ടുള്ള മണ്‍കൂനയ്ക്ക് മുമ്പില്‍ ഇരുന്ന ടാര്‍ വീപ്പയില്‍ വണ്ടി ഇടിച്ച ശബ്ദമാണ് നേരത്തെ ഞാന്‍ കേട്ടത്. മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുന്നത് കാരണം ചക്രം അതിവേഗത്തില്‍ കറങ്ങി കത്തിയാണ് കറുത്ത പുക ഉയരുന്നത്. ഉച്ചത്തിലുള്ള ഇരമ്പവും ടയര്‍ കത്തുന്ന പുകയും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു ഭയാനാകാന്തരീക്ഷം. അനിയന്‍ വണ്ടിയ്ക്കകത്തേക്ക് കയറി, ഗിയര്‍ മാറ്റി ന്യൂട്രലിലാക്കി. അതോടെ ചക്രങ്ങളുടെ കറക്കം നിന്നു, സ്‌റ്റോപ്പറില്‍ പിടിച്ചു തൂങ്ങിയിട്ടും വണ്ടി നില്‍ക്കുന്നില്ല. സ്റ്റോപ്പറില്‍ വലിക്കുമ്പോള്‍ ഇരമ്പം ഇത്തിരി കുറയും. അത്രമാത്രം. 

വണ്ടി നിര്‍ത്താന്‍ സാധിക്കുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍. ഡീസല്‍ തീരും വരെ ഇത് തുടരുമോ? എന്തു വേണമെന്ന് ഒരു പിടിയുമില്ല.
 ഇതിനോടകം ഒച്ചയും ബഹളവും കേട്ട് അയല്‍ക്കാരും ബന്ധുക്കാരും എഴുന്നേറ്റു വന്നു. 
ഒടുവില്‍ വണ്ടികണ്ടെത്തി നല്‍കുകയും അറ്റകുറ്റപ്പണി സ്ഥിരമായി ചെയ്യുകയും ചെയ്യുന്ന വര്‍ക് ഷോപ്പിലെ സജി ചേട്ടനെ വിളി്ക്കാന്‍ തീരുമാനിച്ചു.  മൊബൈലില്‍ പല തവണ വിളിച്ചിട്ടും സജി ചേട്ടന്‍ എടുക്കുന്നില്ല. ഫൂളാക്കാന്‍ വിളിക്കുകയാണെന്ന് കരുതിയാവാം. എന്തായാലും വിളി തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം എടുത്തു. കാര്യം പറഞ്ഞപ്പോള്‍ വണ്ടിയുടെ ബാറ്ററി അഴിക്കാന്‍ പറഞ്ഞു. സ്പാനര്‍ സെറ്റ് എടുത്തു കൊണ്ടു വന്ന് ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിച്ചു.  അപ്പോള്‍ ഇരമ്പലിന് ഇത്തിരി ശക്തി കുറഞ്ഞതല്ലാതെ മറ്റ് മാറ്റമൊന്നുമില്ല. വണ്ടി നിര്‍ത്താന്‍ കഴിയുന്നില്ല. 
വീണ്ടും സജി ചേട്ടന്റെ സഹായം തേടി. താന്‍ നേരിട്ട് വരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഇതിനിടെ അനിയന്‍ ബോണറ്റ് തുറന്ന് സ്‌റ്റോപ്പര്‍ ഘടിപ്പിച്ചിട്ടുള്ള കേബിളില്‍ ശക്തിയായി വലിച്ചു. അല്‍പ സമയത്തെ പരിശ്രമത്തിനിടെ വണ്ടി പെട്ടെന്ന് നിന്നു. 
എല്ലാവര്‍ക്കും ആശ്വാസമായി. സജി ചേട്ടനോട് വരേണ്ടെന്ന് വിളിച്ചു പറഞ്ഞു. 
അപ്പോള്‍ സമയം പുലര്‍ച്ചെ നാലായി എന്ന് ആരോ പറയുന്നത് കേട്ടു. വണ്ടി നില്‍ക്കുകയും പരിഭ്രമങ്ങളെല്ലാം അവസാനിക്കുകയും ചെയ്തു. 
പക്ഷെ ചില സംശയങ്ങള്‍ മാത്രം ബാക്കി. എങ്ങനെയാണ് ജീപ്പ് സ്റ്റാര്‍ട്ടായത്? ഇനി ആരെങ്കിലും ജീപ്പ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാണോ? അങ്ങനെയെങ്കില്‍ സ്‌റ്റോപ്പറിന് എങ്ങനെയാണ് തകരാറ് സംഭവിച്ചത്..........ആക്‌സിലേറ്റര്‍ ആരും അമര്‍ത്താതെ വണ്ടി എങ്ങനെയാണ് അത്രയും വേഗത്തില്‍ പിന്നാക്കം കറങ്ങിയത്. 
ബുധനാഴ്ച വൈകിട്ട് 7.30 ഓടെ ഓട്ടം കഴിഞ്ഞെത്തിയ ജീപ്പ് അനിയന്‍ തെക്കേ മുറ്റത്തേക്ക് റോഡിനോട് ചേര്‍ന്നാണ് നിര്‍ത്തിയിരുന്നത്. തനിയെ ഉരുണ്ടു പോകാതിരിത്താന്‍ റിവേഴ്‌സ് ഗിയര്‍ ഇട്ടിരുന്നു താനും. വാഹനം തനിയെ സ്റ്റാര്‍ട്ടായി പിന്നോട്ട് പത്തു മീറ്ററോളം ഓടുകയും മണ്‍തിട്ടയില്‍ ഇടിച്ചു നിന്ന് ഇരമ്പുകയുമായിരുന്നു. എന്ത് എങ്ങനെ സംഭവിച്ചു എന്നതിനൊന്നും വ്യക്തമായ ഉത്തരമില്ല. അജ്ഞാതമായ ഏതോ കാരണത്താല്‍ ജീപ്പ് തനിയെ സ്റ്റാര്‍ട്ടാകുകയും മറ്റ് മേല്‍ വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തതാകാം. എന്തായാലും ഭൂതാവേശിതനായതുപോലെ ജീപ്പ് പെരുമാറിയതോടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഏപ്രില്‍ ഫൂളിംഗിന് വിധേയരാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞെന്നു ചുരുക്കം.

(കിടക്കുന്ന കിടപ്പു കണ്ടോ... കള്ളന്‍..!! ഒന്നുമറിയാത്ത പോലെ...)







3 comments:

  1. പ്രദീപേ.. ആസ്വദിച്ചു ! വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു !!
    "സജി ചേട്ടനോട് വരേണ്ടെന്ന് വിളിച്ചു പറഞ്ഞു" - അത് വേണ്ടായിരുന്നു.. പുള്ളി ഒന്ന് വന്നിരുന്നേല്‍ ഫൂളാക്കി വിടാമായിരുന്നു
    :-))

    ReplyDelete
  2. ഇത് വായിച്ചപോള്‍ നാനല്ലേ ഏപ്രില്‍ ഫൂലയതെന്നൊരു സംശയം

    ReplyDelete
  3. കൊള്ളാം!
    രസകരമായി വായിച്ചു ഏപ്രിൽ ഫൂൾ വിശേഷം!

    ReplyDelete