earn cash

Tuesday, April 6, 2010

പ്രദീപിന്റെ തിരോധാനം; ഒരു നീതി സ്‌റ്റോര്‍ ഷോപ്പിംഗ് കുറിപ്പ്‌

ഈ കഥയില്‍ പ്രദീപ് എന്നു വിവക്ഷിക്കുന്നത് എന്നെയല്ല; എന്റെ പോലെ പേരുള്ള എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കക്ഷിയെയാണ്. ആ പ്രദീപാണ് ഈ കഥയിലെ നായകപാത്രം.
ഏകദേശം 15 കൊല്ലം മുമ്പാണ് ഞാന്‍ പ്രദീപിനെ ആദ്യമായി തിരിച്ചറിയുന്നത്. ഞാനന്ന് കോട്ടയം ബസേലിയോസ് കോളജില്‍ പഠിക്കുകയാണ്. 'പഠിക്കുകയാണ്' എന്ന് പറഞ്ഞത് പറഞ്ഞു വരാന്‍ വേണ്ടിയുള്ള ഒരു പറച്ചില്‍ എന്നു കരുതിയാല്‍ മതി. ബി.കോമിനാണ് ഞാന്‍ ആ കോളജില്‍ ചേര്‍ന്നത്. 
അക്കാലത്ത് കോളജിലെ നേച്ചര്‍ ക്ലബിന്റെ പ്രകൃതി പഠന യാത്രയുടെ ഭാഗമായി  മൂന്നാറിന് ഒരു ട്രിപ്പ്. ആ യാത്രയില്‍ ബസില്‍ വച്ചാണ് പ്രദീപിനെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ അയല്‍ നാട്ടുകാരന്‍. അയല്‍ എന്ന് പറഞ്ഞ് അകറ്റാന്‍ വയ്യ. എന്റെ അതേ പഞ്ചായത്തുകാരന്‍. പേര് പ്രദീപെന്നാണെന്നു കേട്ടപ്പോള്‍ കൂടുതല്‍ അടുപ്പം തോന്നി. അച്ഛന്റെ പേരു പറഞ്ഞപ്പോള്‍ പിന്നെയും സാമ്യം. രണ്ടുപേരും പുരുഷോത്തമന്മാര്‍. ആകെ ഒരു വ്യത്യാസം ഉള്ളത് പേരിനു മുന്നിലെ ഇനിഷ്യലില്‍ വീട്ടു പേരിന്റെ ആദ്യക്ഷരം മാത്രം. എനിക്ക് ടി യും അവന് വി യും. അന്ന് അവന്‍ ഒരു വര്‍ഷം ജൂനിയറായി ഇക്കണോമിക്ിസലാണ്. 
എന്തായാലും പേരിലും മറ്റും കടുത്ത സാമ്യമുണ്ടെങ്കിലും ഞങ്ങള്‍ രണ്ട് രീതിക്കാരാണ്. പ്രദീപിന് ഒരു കാര്യത്തിലും സംശയം തീരില്ല. എനിക്കാകട്ടെ ഒരു കാര്യത്തിലും സംശയമേതുമില്ല. പ്രദീപ് ഇത്തിരി സ്ലോ ആണെങ്കില്‍ ഞാന്‍ ത്തിരി ഫാസ്റ്റാണെന്ന് എനിക്കു തന്നെ അറിയാം. പ്രദീപ് സ്ലോ ആണെന്ന് പറയുന്നത് മറ്റെന്തെങ്കിലും കുറവുണ്ടായിട്ടല്ല. അവന്‍ സംശയം തീര്‍ത്തു വരുമ്പോഴേക്കും പല കാര്യങ്ങളും കഴിഞ്ഞു പോയിരിക്കും. അത്രേയുള്ളു. പക്ഷേ സ്ലോ ആണ് ഫാസ്റ്റിനെക്കാള്‍ പലതു കൊണ്ടും മെച്ചമെന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഘട്ടങ്ങള്‍ നിരവധിയുണ്ട്.
വരയാടിനെ പതിയിരുന്നു പിടിക്കാന്‍ ചെന്ന പ്രദീപിനെ മുട്ടനാട് കുത്താനോടിച്ചതാണ് അന്നത്തെ മൂന്നാര്‍ ട്രിപ്പിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്ന്. 
കോളജ് കാലം കഴിഞ്ഞും പ്രദീപിനെ ഞാന്‍ കാണുമായിരുന്നു. പലപ്പോഴും അവന്‍ ഞാനാകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. ആദ്യത്തെ പരിചയപ്പെടലിന് ശേഷം ഞാന്‍ പോകുന്നിടത്തെല്ലാം അവനുമുണ്ടായിരുന്നു. കോളജില്‍ നിന്ന് പിരിഞ്ഞ ഞാന്‍ പത്ര പ്രവര്‍ത്തനം പഠിക്കാനായി പ്രസ് അക്കാദമിയില്‍ ചേര്‍ന്നു. ഈ സമയത്ത് പ്രദീപ് കോട്ടയത്ത് ഭാരതീയ വിദ്യാഭവന്റെ പത്ര പ്രവര്‍ത്തന കോഴ്‌സിലും ചേര്‍ന്നു.
ഞാന്‍ ജേര്‍ണലിസം കഴിഞ്ഞ് വെറുതെ നാട്ടില്‍ ചില്ലറ ഡി വൈ എഫ് ഐ പ്രവര്‍ത്തനവുമായി നടക്കുന്ന കാലം. ദേശാഭിമാനിയുടെ ലേഖകനാകാന്‍ പാര്‍ടി എന്നോടാവശ്യപ്പെട്ടു. ചുമ്മാ നടക്കുന്ന കാലം അങ്ങനെ പോകട്ടെയെന്ന് ഞാനും വച്ചു. കുറേക്കാലം കഴിഞ്ഞ് ഞാന്‍ കൗമുദിയിലേക്കൊന്നു ചുവട് മാറി. തിരുവനന്തപുരത്തേക്ക്. ആ സമയം എനിക്ക് പകരക്കാരനായി ദേശാഭിമാനിയുടെ ലേഖകനായി പ്രദീപ് എത്തി. 
കാലം പിന്നെയും കടന്നു പോകുന്നു. പത്ര പ്രവര്‍ത്തനം എനിക്കു മടുത്തു തുടങ്ങിയിരുന്നു. വിവിധ പത്ര സ്ഥാപനങ്ങള്‍ മാറ്ി മാറി ഒടുവില്‍ തേജസ് ദിനപത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോളാണ് നാട്ടിലെ സഹകരണ ബാങ്കില്‍ ജോലി കിട്ടുന്നത്. അക്ഷരങ്ങള്‍ ഉപേക്ഷിച്ച് നേരെ അക്കങ്ങളുടെ ലോകത്തേക്ക് ഒരു ചുവടുമാറ്റം. ഞാന്‍ കയറിയ അതേ റാങ്ക് ലിസ്റ്റില്‍ പ്രദീപും ഉണ്ടായിരുന്നു. എനിക്ക് പോസ്റ്റിംഗ് കിട്ടി ഒരു വര്‍ഷത്തിനകം അവനും  ബാങ്കില്‍ കയറിക്കൂടി. 
പലപ്പോളും അവന്റെ ശമ്പളമെഴുതുന്ന അക്വിറ്റന്‍സ് ബുക്കില്‍ ഞാനും എന്റേതില്‍ അവനും ഒപ്പിട്ട് പോകുന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായി. ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കെ ആരെങ്കിലും പ്രദീപേ എന്നു വിളിച്ചാല്‍ ഞങ്ങള്‍ രണ്ടും ഒന്നിച്ച് തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രതിസന്ധിക്ക് പ്രദീപ് ഒരു പരിഹാരം കണ്ടു പിടിച്ചത് എന്റെ പേര് മാറ്റി വിളിച്ചാണ്. എന്നെ വീട്ടില്‍ വിളിക്കുന്ന മുരളി എന്ന വിളിപ്പേരാണ് അവന്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചത്. മുരളി എന്നു വിളിക്കുന്നതില്‍ എനിക്ക് ഇഷ്ടക്കേടൊന്നുമില്ലെങ്കിലും ബാങ്കില്‍ എന്റെ ഐഡന്റിറ്റി പോകുന്ന പേരുമാറ്റമായി എനിക്കു തോന്നിയതിനാല്‍ ഞാനതിനെ കാര്യമായി പ്രോത്സാഹിപ്പിച്ചില്ല. പ്രദീപാകട്ടെ ഒരു യജ്ഞം എന്ന പോലെ എന്നെ ഇപ്പോളും മുരളി എന്നു വിളിച്ചു കൊണ്ടേയിരിക്കുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ ഈ പ്രശ്‌നം പരിഹരിച്ചത് ഞങ്ങളെ ഇനിഷ്യലുകളില്‍ ഒതുക്കിക്കൊണ്ടായിരുന്നു.
പ്രദീപിനെപ്പറ്റി എനിക്ക് ഏറെ മതിപ്പുള്ള ഒരു കാര്യമുണ്ട്. ഒരു കാര്യമേറ്റാല്‍ അവന്‍ അത് സാധിച്ചേ മടങ്ങിവരൂ. ഞാനാണെങ്കില്‍ അക്കാര്യത്തില്‍ നേരെ എതിര്‍ വശത്താണ്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ വേണമെങ്കില്‍ ചെയ്യാം എന്ന നിലയാണ് എന്റേത്. പണം ചെലവാക്കുന്നത് സംബന്ധിച്ചും സ്വന്തമായ രീതികളുണ്ട് പ്രദീപിന്. ഒരു പൈസ പോലും അനാവശ്യമായി ചെലവാക്കില്ല. അവന്റെ വീട്ടില്‍ ചെന്നാല്‍ മുറ്റം നിറയെ ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ വിരിച്ചിരിക്കുന്നത് കാണാം. ആ ഉരുളന്‍ കല്ലുകള്‍ അമ്മവീട്ടില്‍ പോയി വരുമ്പോള്‍ പാലാ ബസ്റ്റാന്റിനടുത്ത് മീനച്ചിലാറ്റില്‍ ഇറങ്ങി പ്രദീപ് ചാക്കില്‍ പെറുക്കി നിറച്ചു കൊണ്ടു വന്നതാണെന്ന് അറിയുമ്പോളാണ് നമ്മള്‍ അവനെ നമിച്ചു പോകുന്നത്. കൂടാതെ നല്ല കൃഷിക്കാരന്‍ കൂടിയാണ് പ്രദീപ്. ബാങ്കില്‍ വരുന്നതിന് മുമ്പ് പ്രദീപ് അടുത്തു വരുമ്പോള്‍ ചിലപ്പോളൊക്കെ ചാണകം മണക്കുമായിരുന്നു. 
ഇത്രയും പറഞ്ഞത് പ്രദീപിനെ പറ്റി കുറച്ചൊരു ചരിത്ര ബോധമുണ്ടാകാന്‍ വേണ്ടിയാണ്. യഥാര്‍ഥത്തില്‍ അവനെ കുറിച്ച് മുഴുവന്‍ എഴുതാന്‍ ബ്ലോഗൊന്നും മതിയാകില്ല.
ബാങ്കിന്റെ നിയന്ത്രണത്തില്‍ ഏതാനും കണ്‍സ്യൂമര്‍ കടകളും വളക്കടകളും ഒരു നീതി സ്‌റ്റോറുമുണ്ട്. ഉത്സവ സീസണുകളിലും മറ്റവസരങ്ങളിലും കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ നാട്ടുകാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഇത്തരം കടകള്‍ ബാങ്ക് നടത്തുന്നത്. ഈ ഈസ്റ്റര്‍- വിഷു സീസണിലും നീതി സ്‌റ്റോറില്‍ പൊതു വിപണിയില്‍ നിന്നും കാര്യമായ വില വ്യത്യാസത്തില്‍ സാധനങ്ങള്‍ കൊടുക്കുന്നുണ്ട്. 
ഞാന്‍ ഇപ്പോള്‍ ബാങ്കിന്റെ പ്രഭാത-സായാഹ്ന കൗണ്ടറിലാണ് ജോലി ചെയ്യുന്നത്. പ്രദീപാകട്ടെ കെ എസ് പുരത്തുള്ള ശാഖയിലും. തിങ്കളാഴ്ച വൈകിട്ട് (05/04/10) വൈകിട്ട് ഏഴര സമയം. ഞാന്‍ ക്യാഷിലാണ്. ചെറിയ തിരക്കേയുള്ളു. എട്ടു മണി വരെയാണ് ബാങ്ക്. പറ്റിയാല്‍ എട്ടിന് തന്നെ ക്ലോസ് ചെയ്യണമെന്ന് ആഗ്രഹിച്ച് ഞാന്‍ അതിനുള്ള കോപ്പു കൂട്ടലിലാണ്. അപ്പോള്‍ ബാങ്കിലേക്ക് ഒരു ഫോണ്‍. മാനേജര്‍ എടുത്തു. പ്രദീപ് വീട്ടിലെത്തിയിട്ടില്ലത്രെ. അച്ഛനാണ് വിളിച്ചത്. അവന്‍ ഇതു വഴി വന്നോ എന്നറിയാനുള്ള വിളിയാണ്. സന്ധ്യക്കു മുമ്പു തന്നെ വീട്ടിലെത്തുന്നയാളാണ് പ്രദീപ്. വിളിച്ചിട്ടു കിട്ടുന്നില്ലത്ര. പുള്ളിക്കാരന്‍ ആകെ ഭയന്നിട്ടുള്ള വിളിയാണ്.
അന്നേ ദിവസം രാവിലെ വന്ന് ഞങ്ങള്‍ക്ക് ഷേക് ഹാന്‍ഡ് തന്നിട്ടു പോയ പാര്‍ടിയാണ്. എവിടെ പോയിരിക്കും. ഞാന്‍ അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട്. അടിച്ചടിച്ച് നില്‍ക്കുകയാണ്. ആരും എടുക്കുന്നില്ല. പലരും മാറിമാറി വിളിച്ചു. അന്ന് വൈകിട്ട് മഴ പെയ്തിരുന്നു. മഴ കാരണം എവിടെയെങ്കിലും കയറി നിന്നു കാണുമെന്നാണ് ആദ്യം ഞങ്ങള്‍ ആശ്വസിച്ചത്. എന്തായാലും എപ്പോളാണ് പ്രദീപ് ബാങ്കില്‍ നിന്ന് പോയതെന്നറിയാന്‍ ഞങ്ങള്‍ കെ എസ് പുരത്തെ ഞങ്ങളുടെ മറ്റൊരു സഹ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു. കൃത്യം അഞ്ചിന് തന്നെ പ്രദീപ് ബാങ്കില്‍ നിന്ന് പോയിരുന്നെന്നും അവന് മഴക്കോട്ടില്ലായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. 
അവന് എന്തു സംഭവിച്ചിരിക്കും? ഞങ്ങള്‍ ചിന്തിച്ച് കാടു കയറാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ക്യാഷ് ക്ലോസു ചെയ്യണം. അതിനിടയില്‍ വേണം പ്രദീപിന് എന്തു പറ്റി എന്ന് ചിന്തിക്കാന്‍. ഒരു വര്‍ഷം മുമ്പ് ഞങ്ങളുടെ മറ്റൊരു സഹ പ്രവര്‍ത്തകനെ കാണാതായത് ഞാന്‍ ഓര്‍ത്തു പോയി. ഏതാനും ദിവസത്തിന് ശേഷം ഏറെയകലെയുള്ള ഒരു പൊട്ടക്കിണറ്റിലാണ് അയാളെ പിന്നീട് കണ്ടെത്തിയത്. അന്നും അയാളെ അവസാനമായി ബാങ്കിനു വേണ്ടി ഒരു ജോലി ഏല്‍പിച്ചത് ഞാനാണ്. അത് ചെയ്തു തീര്‍ത്തിട്ടാണ് അയാള്‍ പോയത്. അയാളുടെ ഒഴിവിലാണ് പ്രദീപ് ബാങ്കിലെത്തിയത്. അയാളുടേതു പോലുള്ള വല്ല തിരോധാനവുമാണോ ഇതും? ഞാനാകെ ആശങ്കയിലായി. സമയം കടന്നു പോയി. വീണ്ടും ഫോണ്‍ ബെല്ലടിച്ചു.
പ്രദീപ് വന്നെന്ന് പറയാനായിരിക്കും. മാനേജര്‍ ഫോണെടുത്തു. പ്രതീക്ഷിച്ച പോലെ പ്രദീപിന്റെ അച്ഛന്‍ തന്നെ. ഞങ്ങള്‍ക്ക് വിവരം വല്ലതും ലഭിച്ചോ എന്നറിയാനുള്ള വിളിയാണ്. എന്തു പറയണമെന്നറിയില്ലായിരുന്നു ഞങ്ങള്‍ക്ക്.  ഞങ്ങള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ലെന്ന് പറയാനേ കഴിഞ്ഞുള്ളു. അന്തരീക്ഷം കൂടുതല്‍ മ്ലാനമായി. ഉഹോപോഹങ്ങള്‍ക്ക് ചിറകു വച്ചു. എന്തായാലും ഒരു കാര്യം ഉറപ്പായിരുന്നു. അവന്റെ മുന്‍ഗാമി പൊട്ടക്കിണറ്റിലേക്കു പോയതു പോലെ എന്തായാലും പ്രദീപ് പോകില്ല. പക്ഷെ ആര്‍ക്ക് ആരേപ്പറ്റി എന്തു പറയാനൊക്കും? 
ഇതിനിടെ ഞങ്ങളുടെ കൂടെയു്ള്ള ബേബിച്ചേട്ടന്‍ പറഞ്ഞു.
' അവന്‍ വേറെയെങ്ങും പോയിക്കാണില്ല; നീതി സ്‌റ്റോറില്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ വന്നിട്ടുണ്ട്. അവന്‍ അവിടെ പോയതായിരിക്കും'' 
പ്രദീപിന്റെ സ്വഭാവം വച്ചു നോക്കിയാല്‍ അങ്ങനെയും സംഭവിക്കാം. 
ടെലിഫോണ്‍ കോളുകള്‍ നാലു പാടും പാഞ്ഞു. അറിയേണ്ട കാര്യം മാത്രം അറിയുന്നില്ല.
സമയം പിന്നെയും നീങ്ങി. 8.30 മണിയായി. പണം എണ്ണി തിട്ടപ്പെടുത്തി കോയിന്‍ രജിസ്റ്ററില്‍ നോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഫോണ്‍ ബെല്‍ മുഴങ്ങി. പ്രാര്‍ഥിച്ചു കൊണ്ടാണ് മാനേജര്‍ ഫോണെടുത്തത്. സന്ദേശം കേട്ട് മാനേജരുടെ മുഖം തെളിഞ്ഞു.
' പ്രദീപ് വീട്ടിലെത്തി' 
അവന്‍ എവിടെപ്പോയതാ? ബേബിച്ചേട്ടന്‍ ചോദിച്ചു.
' നീതി സ്‌റ്റോറില്‍ പോയതാണെന്ന്..''
ബേബി ചേട്ടന്‍ ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു.
' ഇപ്പോളെങ്ങനെയുണ്ട്, ഞാന്‍ പറഞ്ഞത് ശരിയായില്ലേ.. വില കുറച്ച് എന്തു വില്‍ക്കാനുണ്ടെങ്കിലും പ്രദീപ് വാങ്ങും'
ബേബിച്ചേട്ടന്റെ അനുമാനം ശരിയായിരുന്നു.
ബാങ്കില്‍ നിന്ന് നേരെ നീതി സ്റ്റോറിലേക്കാണ് പ്രദീപ് പോയത്. അവിടെ നില്‍ക്കവെ മഴ പെയ്തു. കടയിലെ മാനേജരോട് വര്‍ത്തമാനം പറഞ്ഞ് സമയം പോയി. വീട്ടില്‍ സ്ഥിരമായി എത്തേണ്ട സമയം കഴിഞ്ഞു. അതാണ് വീട്ടുകാര്‍ക്ക് പരിഭ്രമമായത്.എന്തായാലും പ്രദീപ് സുരക്ഷിതനായി വീട്ടിലെത്തിയതും സര്‍വോപരി നീതി സ്റ്റോറില്‍ നിന്നും അരിയും പലചരക്കു സാധനങ്ങളും ക്യൂ നിന്നു വാങ്ങി നില്‍ക്കാന്‍ നേരമില്ലാത്ത ഓട്ടക്കാരുടെ ദുര്‍വ്യയങ്ങള്‍ക്കെതിരെ പ്രതീകാത്മകമായി പോരാടിയതും കുറേക്കാലം ഓര്‍മ്മയിലുണ്ടാകും.

4 comments:

  1. പാവം മനുഷ്യൻ....

    എത്ര കഷ്ടപ്പെട്ടു ജീവിക്കുന്നു!

    ReplyDelete
  2. Interesting Presentation...Keep it orupadu Up...

    ReplyDelete