earn cash

Friday, April 9, 2010

ഒരു സാമൂഹ്യ വിരുദ്ധന്റെ കഥ

ഈ കഥയും കഥാ പാത്രങ്ങളും ഒട്ടും സാങ്കല്‍പികമല്ല. ആര്‍ക്കെങ്കിലും ആരെങ്കിലുമായി സാമ്യം തോന്നുന്നെങ്കില്‍ അതില്‍ ഒട്ടും അത്ഭുതത്തിന് വകയുമില്ല.

സംഭവം നടക്കുന്നത് കോട്ടയം ജില്ലയിലെ വടക്കന്‍ പഞ്ചായത്തുകളിലൊന്നില്‍. ഒരു അസംബ്ലി നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം. ചില ജില്ലകളില്‍ മാത്രം കുറച്ചാളുകള്‍ ഉള്ള പ്രത്യേക തരം കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിള്ളത്തൊട്ടില്‍ എന്നൊക്കെ പറയുന്ന സ്ഥലം. മത സൗഹാര്‍ദ്ദത്തിന് പേരു കേട്ടിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ തട്ടി മുട്ടി പോകുന്നു. ധാരാളം ക്ഷേത്രങ്ങളും ധാരാളം പള്ളികളുമൊക്കെയായി വി്ശ്വാസികളെയും വിരലിലെണ്ണാവുന്ന അവിശ്വാസികളെയും സഹിച്ച് ഈ ദേശം വീര്‍പ്പുമുട്ടി കഴിയുകയാണ്. പ്രത്യേക തരം കോണ്‍ഗ്രസ് പാര്‍ടികളില്‍ ഇരു മുന്നണികളിലും നില്‍ക്കുന്നവര്‍ തമ്മിലുള്ള എട്ടുകാലി മമ്മൂഞ്ഞിംഗ് അല്ലാതെ കാര്യമായ രാഷ്ട്രീയ അന്തരീക്ഷ മലിനീകരണവും ഇല്ല. അങ്ങനെ എന്തു കൊണ്ടും രാജ്യത്തെ പൊതു സ്ഥിതിക്ക് ചേരാത്ത അന്തരീക്ഷം നില നില്‍ക്കുന്ന പ്രദേശം.
്അവിടെ കുറെ പത്രക്കാരുണ്ട്. എന്നു പറഞ്ഞാല്‍ പ്രാദേശിക സ്വ. ലേ മാര്‍. ഇവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍, പ്രത്യേക തരം കോണ്‍ഗ്രസുകള്‍ കഴിഞ്ഞാല്‍ പിന്നെ, ഒരു പക്ഷെ അതിനേക്കാളേറെയും, കിണഞ്ഞു പരിശ്രമിക്കുന്ന വിഭാഗമാണ്. പാഷാണത്തില്‍ കൃമി എന്നൊക്കെ പറയാവുന്ന വകുപ്പില്‍ പെടുത്താവുന്നവര്‍. എല്ലാ പത്രങ്ങളുടെയും കൃമികള്‍ ഇവിടെയുണ്ട്.
ഒരു ദിവസം.
പുലിജന്മമായ ഒരു സ്വ.ലേ തന്റെ ബി എസ് എ സൈക്കിളില്‍ അതി വേഗത്തില്‍ അവിടെയുള്ള ക്ഷേത്രത്തിന്റെ സമീപത്തു കൂടിയുള്ള വഴിയിലൂടെ ഇറക്കം വിട്ടു വരികയായിരുന്നു. അപ്പോള്‍ സമയം ഏതാണ്ട് രാവിലെ 7.30. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വഴിയിലേക്ക് ഇറങ്ങി വന്ന സ്വ.ലേ പെട്ടെന്ന് സൈക്കിള്‍ വെട്ടിത്തിരിച്ചു.
റോഡില്‍ നിറയെ മുടി വിതറിയിട്ടിരിക്കുന്നു. അതും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍. സ്വ.ലേയുടെ ചോര തിളച്ചു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡ ശ്രമമല്ലെങ്കില്‍ പിന്നെ ഇതെന്താണ്? ബാര്‍ബര്‍ ഷാപ്പില്‍ നിന്ന് വാരിക്കൊണ്ടു വന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിതറിയിരിക്കുകയാണ്. ചൂടന്‍ വാര്‍ത്ത!
ഒട്ടും വൈകിയില്ല. അരയില്‍ ബെല്‍റ്റില്‍ കെട്ടി ഉറപ്പിച്ചിരുന്ന ഡിജിറ്റല്‍ ക്യാമറ പുറത്തെടുത്തു. തലങ്ങും വിലങ്ങും നിന്ന് വിവിധ ആംഗിളുകളില്‍ പടമെടുത്തു.


പിറ്റേന്നത്തെ പത്രത്തില്‍ പടം സഹിതം വാര്‍ത്ത വന്നു. ക്ഷേത്ര വഴിയില്‍ മുടി വിതറി! കൂനിന്മേല്‍ കുരു പോലെ ഈ മുടി കണ്ടെത്തിയതിന് തൊട്ടു മുമ്പത്തെ ദിവസം അവിടെയുള്ള ഒരു സമുദായ സംഘടനയുടെ വക ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശിലാഫലകം ആരോ തകര്‍ത്തിരുന്നു. അവിടെ നിന്ന് വെറും 20 മീറ്ററോളം അകലെ മാത്രമാണ് മുടിയും കണ്ടെത്തിയത്. ഈ രണ്ടു സ്ഥലവും സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് തുമ്മിയാല്‍ കേള്‍ക്കാവുന്ന അകലത്തിലും. അദ്യത്തേതിനെ രണ്ടാമത്തേതുമായി ലിങ്ക് ചെയ്തുള്ള പതിവു ശൈലി വാര്‍ത്തയാണ് പത്രത്തില്‍ വന്നത്. പതിവുപോലെ ഉത്തരവാദികളില്ലാത്ത കുറ്റകൃത്യങ്ങളെല്ലാം കെട്ടിവയ്ക്കപ്പെടുന്നത് പാവപ്പെട്ട സാമൂഹ്യ വിരുദ്ധരുടെ തലയിലാണല്ലോ. ഇതും അപ്രകാരം സംഭവിച്ചു. പാവപ്പെട്ട സാമൂഹ്യ വിരുദ്ധന്മാര്‍ക്ക് കിടക്കാന്‍ മേല.
എന്തായാലും പത്രത്തില്‍ വാര്‍ത്ത വന്നതോടെ പോലിസിന് ആസനത്തില്‍ നിശറ് കടിച്ച പോലെയായി. ഉടന്‍ അന്വേഷണം ആരംഭിച്ചു. റോഡില്‍ കിടന്ന മുടി ആരോ ചൂലിന് തൂത്തു വാരി അടുത്ത പറമ്പിലേക്കിട്ടത് വീണ്ടും തടുത്തു കൂട്ടിയെടുത്തു. കോട്ടയത്തു നിന്നും പൊലീസിന്റെ സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി.
സയന്റിഫിക് വിഭാഗം 'ശാസ്ത്രജ്ഞന്‍' പോലിസ് വാരിക്കൂട്ടിയിരുന്ന 'മുടി' എടുത്ത് ഭൂതക്കണ്ണാടിയിലൂടെ പരിശോധിക്കാന്‍ തുടങ്ങി. ഇതു കണ്ട് നാട്ടുകാരും തടിച്ചു കൂടി. കണ്ണിലും മൂക്കിലും നാക്കിലുമെല്ലാം വച്ചുള്ള പരിശോധന. പോലിസ് വിവരമറിയിച്ചതെ തുടര്‍ന്ന് സ്ഥലത്തെ പ്രധാന സ്വ.ലേ മാരും സ്ഥലത്തെത്തി.


കുറച്ചു നേരത്തെ പരിശോധനയ്ക്ക് ശേഷം ശാസ്ത്രജ്ഞന്‍ പറഞ്ഞു.
' ഇത് മനുഷ്യന്റെ മുടിയല്ല'.
പിന്നെ ആരുടെ എന്ന മട്ടില്‍ മറ്റുള്ളവരുടെ നെറ്റി ചുളിഞ്ഞു.
'ഇത് മറ്റേതോ ജീവിയുടെ രോമമാണ്'
അതേത് ജീവി എന്നായി മറ്റുള്ളവര്‍
' അത് കണ്ടെത്തണമെങ്കില്‍ കൂടുതല്‍ പരിശോധന വേണ്ടി വരും..'
ശാസ്ത്രജ്ഞന്‍ പറഞ്ഞു.
അപ്പോള്‍ അതിലേ വന്ന ഒരാള്‍ രോമങ്ങള്‍ എടുത്തു നോക്കി ചെറുതായൊന്ന് വാസനിച്ചിട്ടു പറഞ്ഞു.
 ' എന്റെ സാറെ ഇത് ആട്ടുംപൂടയാണ്. വേറൊന്നുമല്ല.'
ആളുകള്‍ അയാള്‍ക്കു നേരെയും പൊലീസിലെ ശാസ്ത്രജ്ഞനു നേരെയും മാറിമാറി നോക്കി.
ശാസ്ത്രജ്്ഞന്‍ പറഞ്ഞു.
' ആട്ടിന്‍ പൂടയാണെന്ന് എനിക്കും മനസിലായി. പക്ഷെ കൂടുതല്‍ പരിശോധന കൂടാതെ എനിക്ക് പറയാന്‍ പറ്റില്ലല്ലോ....'
അപ്പോള്‍ ആട്ടിന്‍ പൂട ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിതറിയത് ആരാണെന്നായി.
ഈ സമയത്ത് ആള്‍്ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുങ്ങുന്നത് ചിലരുടെ ശ്രദ്ധയില്‍ പെട്ടു.
ഒരു കാലിന് സ്വാധീനമില്ലാത്ത അയാള്‍ ചട്ടിച്ചട്ടി അടുത്തുള്ള തന്റെ ചായക്കടയിലേക്ക് നൂണ്ടു കയറി. ചിലര്‍ ഒറ്റിക്കൊടുത്തതനുസരിച്ച് എസ് ഐ നേരെ ചായക്കടയിലേക്ക് വച്ചു പിടിച്ചു. പിന്നാലെ സ്വലേ മാരും നാട്ടുകാരും.
എസ് ഐ യെ കണ്ട് ഒന്നു വിരണ്ടെങ്കിലും മനസ്സാന്നിദ്ധ്യം വിടാതെ വികലാംഗന്‍ ചോദിച്ചു.
' സാറിന് ചായയോ.. കാപ്പിയോ...???'
' ഓരോ കടിയും കൂടി പോരട്ടെ' ഏറ്റവും പഴക്കമുള്ള പത്രത്തിന്റെ സ്വ. ലേ ആയിരുന്നു അത്.
എസ് ഐ അപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. കടി ഇപ്പോള്‍ വേണമെന്നില്ല എന്ന ഭാവത്തില്‍ സ്വ. ലേ അല്‍പമൊന്നു പിന്നാക്കം നിന്നു.
പെട്ടെന്ന് ഒരു ചീറ്റലും ഒരു കരച്ചിലും.
ചായക്കടക്കാരന്‍ വികലാംഗനാണ്.
' എന്റെ സാറെ എന്നെയൊന്നും ചെയ്യരുത്..ഞാന്‍ മനപ്പൂര്‍വമല്ല.'
ചായക്കടക്കാരന്‍ നേരെ എസ് ഐ യുടെ കാലിലേക്ക് ഒരു ഒന്നൊന്നര സാഷ്ടാംഗ പ്രണാമം. എസ് ഐ യുടെ മുഖം ഒന്നു വിടര്‍ന്നു. സര്‍വീസില്‍ പ്രവേശിച്ചതില്‍ പിന്നെ ആദ്യമായി ഒരു കേസ് തെളിയിച്ചതു പോലൊരു ആത്മഹര്‍ഷം അദ്ദേഹത്തിന്റെ മുഖ കമലത്തില്‍.
വത്സാ എഴുന്നേല്‍ക്കൂ എന്ന മഹര്‍ഷി ഭാവേന എസ് ഐ ചായക്കടക്കാരനെ പിടിച്ചെഴുന്നേല്‍പിച്ചു.
' പറയൂ എന്തിനാണ് ക്ഷേത്ര കവാടത്തില്‍ ആട്ടിന്‍ പൂട വിതറിയത്?'
'ഞാന്‍ വിതറിയില്ല സാറെ. . അതെങ്ങനെയാണ് അവിടെ വന്നതെന്ന് എനിക്ക് സത്യമായി്ട്ടും ്അറിയാമ്മേല...'
എസ് ഐ യുടെ നെറ്റി ചുളിഞ്ഞു.
' പിന്നെ എന്തിനാടോ താന്‍ മുങ്ങിയത്'
' അതു പിന്നെ സാറെ ആ ആട്ടിന്‍ പൂട എന്റെയാ... പക്ഷെ അവിടെ കൊണ്ടു ചെന്നിട്ടത് ഞാനല്ല.'
തുടര്‍ന്ന് കടക്കാരന്‍ ആ കഥ വിവരിച്ചു.
ഒരാഴ്ച മുമ്പ്്. ചായക്കടക്കാരന്റെ കറുമ്പിയാട് പു്ല്ലു തിന്നുന്നതിനിടെ കയ്യാലപ്പുറത്തുന്ന് വീണ് കഴുത്തില്‍ കയര്‍ കുടുങ്ങി അന്തരിച്ചു. ഉടുക്കിന് തോലിടാന്‍ വേണ്ടി ഈ ആടിന്റെ തോല്‍ ഉണക്കിയെടുത്ത് രോമം വടിച്ചെടുത്തു. ഈ രോമം ഉപയോഗിച്ച് ബ്രഷ് ഉണ്ടാക്കാമെന്ന് കരുതി ചായക്കടക്കാരന്‍ ഇത് ഒരു പ്ലാസ്റ്റിക് കൂടിലാക്കി, കടയില്‍ സൂക്ഷിച്ചിരുന്നു. ഈ രോമമാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സാമൂഹ്യ വിരുദ്ധര്‍ വിതറിയിട്ടത്.
അ്‌പ്പോള്‍ സാമൂഹ്യ വിരുദ്ധന് ഈ കടയുമായി അഭേദ്യ ബന്ധമുണ്ടെന്ന് എസ് ഐ ക്ക് ബോധ്യമായി. മറ്റുള്ളവര്‍ക്കും. ആരാണതെന്നായി അടുത്ത ചോദ്യം. ആ കടയില്‍ പെരുമാറുന്നത് ആരൊക്കെ എന്നായി അന്വേഷണം. കടയില്‍ യഥാര്‍ഥത്തില്‍ കടക്കാരനും ഭാര്യയും മകനും മാത്രമാണ പെരുമാറുന്നത്. ഇവരില്‍ ആരും ആട്ടിന്‍ പൂട ക്ഷേത്ര വഴിയില്‍ വിതറാന്‍ സാധ്യതയില്ല. പിന്നെ ആ സാമൂഹ്യ വിരുദ്ധന്‍ ആര് ????
കടയില്‍ ബ്രഷ് നിര്‍മ്മിക്കാനായി വച്ചിരുന്ന ആട്ടിന്‍രോമം അമ്പലത്തിലേക്കുള്ള വഴിയില്‍ വിതറിയിട്ട് പ്രദേശത്തെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനൊരുമ്പെട്ടവനാര് ?
ഈ സമയം പുറത്ത് ഒരു മുരള്‍ച്ച കേട്ടു.
എല്ലാവരും തിരിഞ്ഞു നോക്കി.


. ചായക്കടക്കാരന്റെ പട്ടി. അവന്റെ വായില്‍ കറുകറുത്ത മുടി; അല്ല, ആട്ടുംപൂട!!!!!!
എസ് ഐയും സ്വ.ലേ മാരും മുഖത്തോടു മുഖം നോക്കി.

ഒരു വാര്‍ത്ത വരുത്തി വച്ച വിനയേ. പോലിസിന്റെ വിലപ്പെട്ട സമയം. കോട്ടയത്തുനിന്ന് പോലീസ് വാഹനം ഓടിച്ചെത്തിയതിന്റെ ചെലവ്. കാഴ്്ചക്കാരായെത്തിയവരുടെ സമയം. ചുരുക്കത്തില്‍  ആയിരക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറിയിരിക്കുന്നു. സ്വ.ലേമാരെ ജനം കൈകാര്യം ചെയ്യേണ്ട സമയമായോ...

Tuesday, April 6, 2010

പ്രദീപിന്റെ തിരോധാനം; ഒരു നീതി സ്‌റ്റോര്‍ ഷോപ്പിംഗ് കുറിപ്പ്‌

ഈ കഥയില്‍ പ്രദീപ് എന്നു വിവക്ഷിക്കുന്നത് എന്നെയല്ല; എന്റെ പോലെ പേരുള്ള എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കക്ഷിയെയാണ്. ആ പ്രദീപാണ് ഈ കഥയിലെ നായകപാത്രം.
ഏകദേശം 15 കൊല്ലം മുമ്പാണ് ഞാന്‍ പ്രദീപിനെ ആദ്യമായി തിരിച്ചറിയുന്നത്. ഞാനന്ന് കോട്ടയം ബസേലിയോസ് കോളജില്‍ പഠിക്കുകയാണ്. 'പഠിക്കുകയാണ്' എന്ന് പറഞ്ഞത് പറഞ്ഞു വരാന്‍ വേണ്ടിയുള്ള ഒരു പറച്ചില്‍ എന്നു കരുതിയാല്‍ മതി. ബി.കോമിനാണ് ഞാന്‍ ആ കോളജില്‍ ചേര്‍ന്നത്. 
അക്കാലത്ത് കോളജിലെ നേച്ചര്‍ ക്ലബിന്റെ പ്രകൃതി പഠന യാത്രയുടെ ഭാഗമായി  മൂന്നാറിന് ഒരു ട്രിപ്പ്. ആ യാത്രയില്‍ ബസില്‍ വച്ചാണ് പ്രദീപിനെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ അയല്‍ നാട്ടുകാരന്‍. അയല്‍ എന്ന് പറഞ്ഞ് അകറ്റാന്‍ വയ്യ. എന്റെ അതേ പഞ്ചായത്തുകാരന്‍. പേര് പ്രദീപെന്നാണെന്നു കേട്ടപ്പോള്‍ കൂടുതല്‍ അടുപ്പം തോന്നി. അച്ഛന്റെ പേരു പറഞ്ഞപ്പോള്‍ പിന്നെയും സാമ്യം. രണ്ടുപേരും പുരുഷോത്തമന്മാര്‍. ആകെ ഒരു വ്യത്യാസം ഉള്ളത് പേരിനു മുന്നിലെ ഇനിഷ്യലില്‍ വീട്ടു പേരിന്റെ ആദ്യക്ഷരം മാത്രം. എനിക്ക് ടി യും അവന് വി യും. അന്ന് അവന്‍ ഒരു വര്‍ഷം ജൂനിയറായി ഇക്കണോമിക്ിസലാണ്. 
എന്തായാലും പേരിലും മറ്റും കടുത്ത സാമ്യമുണ്ടെങ്കിലും ഞങ്ങള്‍ രണ്ട് രീതിക്കാരാണ്. പ്രദീപിന് ഒരു കാര്യത്തിലും സംശയം തീരില്ല. എനിക്കാകട്ടെ ഒരു കാര്യത്തിലും സംശയമേതുമില്ല. പ്രദീപ് ഇത്തിരി സ്ലോ ആണെങ്കില്‍ ഞാന്‍ ത്തിരി ഫാസ്റ്റാണെന്ന് എനിക്കു തന്നെ അറിയാം. പ്രദീപ് സ്ലോ ആണെന്ന് പറയുന്നത് മറ്റെന്തെങ്കിലും കുറവുണ്ടായിട്ടല്ല. അവന്‍ സംശയം തീര്‍ത്തു വരുമ്പോഴേക്കും പല കാര്യങ്ങളും കഴിഞ്ഞു പോയിരിക്കും. അത്രേയുള്ളു. പക്ഷേ സ്ലോ ആണ് ഫാസ്റ്റിനെക്കാള്‍ പലതു കൊണ്ടും മെച്ചമെന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഘട്ടങ്ങള്‍ നിരവധിയുണ്ട്.
വരയാടിനെ പതിയിരുന്നു പിടിക്കാന്‍ ചെന്ന പ്രദീപിനെ മുട്ടനാട് കുത്താനോടിച്ചതാണ് അന്നത്തെ മൂന്നാര്‍ ട്രിപ്പിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്ന്. 
കോളജ് കാലം കഴിഞ്ഞും പ്രദീപിനെ ഞാന്‍ കാണുമായിരുന്നു. പലപ്പോഴും അവന്‍ ഞാനാകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. ആദ്യത്തെ പരിചയപ്പെടലിന് ശേഷം ഞാന്‍ പോകുന്നിടത്തെല്ലാം അവനുമുണ്ടായിരുന്നു. കോളജില്‍ നിന്ന് പിരിഞ്ഞ ഞാന്‍ പത്ര പ്രവര്‍ത്തനം പഠിക്കാനായി പ്രസ് അക്കാദമിയില്‍ ചേര്‍ന്നു. ഈ സമയത്ത് പ്രദീപ് കോട്ടയത്ത് ഭാരതീയ വിദ്യാഭവന്റെ പത്ര പ്രവര്‍ത്തന കോഴ്‌സിലും ചേര്‍ന്നു.
ഞാന്‍ ജേര്‍ണലിസം കഴിഞ്ഞ് വെറുതെ നാട്ടില്‍ ചില്ലറ ഡി വൈ എഫ് ഐ പ്രവര്‍ത്തനവുമായി നടക്കുന്ന കാലം. ദേശാഭിമാനിയുടെ ലേഖകനാകാന്‍ പാര്‍ടി എന്നോടാവശ്യപ്പെട്ടു. ചുമ്മാ നടക്കുന്ന കാലം അങ്ങനെ പോകട്ടെയെന്ന് ഞാനും വച്ചു. കുറേക്കാലം കഴിഞ്ഞ് ഞാന്‍ കൗമുദിയിലേക്കൊന്നു ചുവട് മാറി. തിരുവനന്തപുരത്തേക്ക്. ആ സമയം എനിക്ക് പകരക്കാരനായി ദേശാഭിമാനിയുടെ ലേഖകനായി പ്രദീപ് എത്തി. 
കാലം പിന്നെയും കടന്നു പോകുന്നു. പത്ര പ്രവര്‍ത്തനം എനിക്കു മടുത്തു തുടങ്ങിയിരുന്നു. വിവിധ പത്ര സ്ഥാപനങ്ങള്‍ മാറ്ി മാറി ഒടുവില്‍ തേജസ് ദിനപത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോളാണ് നാട്ടിലെ സഹകരണ ബാങ്കില്‍ ജോലി കിട്ടുന്നത്. അക്ഷരങ്ങള്‍ ഉപേക്ഷിച്ച് നേരെ അക്കങ്ങളുടെ ലോകത്തേക്ക് ഒരു ചുവടുമാറ്റം. ഞാന്‍ കയറിയ അതേ റാങ്ക് ലിസ്റ്റില്‍ പ്രദീപും ഉണ്ടായിരുന്നു. എനിക്ക് പോസ്റ്റിംഗ് കിട്ടി ഒരു വര്‍ഷത്തിനകം അവനും  ബാങ്കില്‍ കയറിക്കൂടി. 
പലപ്പോളും അവന്റെ ശമ്പളമെഴുതുന്ന അക്വിറ്റന്‍സ് ബുക്കില്‍ ഞാനും എന്റേതില്‍ അവനും ഒപ്പിട്ട് പോകുന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായി. ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കെ ആരെങ്കിലും പ്രദീപേ എന്നു വിളിച്ചാല്‍ ഞങ്ങള്‍ രണ്ടും ഒന്നിച്ച് തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രതിസന്ധിക്ക് പ്രദീപ് ഒരു പരിഹാരം കണ്ടു പിടിച്ചത് എന്റെ പേര് മാറ്റി വിളിച്ചാണ്. എന്നെ വീട്ടില്‍ വിളിക്കുന്ന മുരളി എന്ന വിളിപ്പേരാണ് അവന്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചത്. മുരളി എന്നു വിളിക്കുന്നതില്‍ എനിക്ക് ഇഷ്ടക്കേടൊന്നുമില്ലെങ്കിലും ബാങ്കില്‍ എന്റെ ഐഡന്റിറ്റി പോകുന്ന പേരുമാറ്റമായി എനിക്കു തോന്നിയതിനാല്‍ ഞാനതിനെ കാര്യമായി പ്രോത്സാഹിപ്പിച്ചില്ല. പ്രദീപാകട്ടെ ഒരു യജ്ഞം എന്ന പോലെ എന്നെ ഇപ്പോളും മുരളി എന്നു വിളിച്ചു കൊണ്ടേയിരിക്കുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ ഈ പ്രശ്‌നം പരിഹരിച്ചത് ഞങ്ങളെ ഇനിഷ്യലുകളില്‍ ഒതുക്കിക്കൊണ്ടായിരുന്നു.
പ്രദീപിനെപ്പറ്റി എനിക്ക് ഏറെ മതിപ്പുള്ള ഒരു കാര്യമുണ്ട്. ഒരു കാര്യമേറ്റാല്‍ അവന്‍ അത് സാധിച്ചേ മടങ്ങിവരൂ. ഞാനാണെങ്കില്‍ അക്കാര്യത്തില്‍ നേരെ എതിര്‍ വശത്താണ്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ വേണമെങ്കില്‍ ചെയ്യാം എന്ന നിലയാണ് എന്റേത്. പണം ചെലവാക്കുന്നത് സംബന്ധിച്ചും സ്വന്തമായ രീതികളുണ്ട് പ്രദീപിന്. ഒരു പൈസ പോലും അനാവശ്യമായി ചെലവാക്കില്ല. അവന്റെ വീട്ടില്‍ ചെന്നാല്‍ മുറ്റം നിറയെ ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ വിരിച്ചിരിക്കുന്നത് കാണാം. ആ ഉരുളന്‍ കല്ലുകള്‍ അമ്മവീട്ടില്‍ പോയി വരുമ്പോള്‍ പാലാ ബസ്റ്റാന്റിനടുത്ത് മീനച്ചിലാറ്റില്‍ ഇറങ്ങി പ്രദീപ് ചാക്കില്‍ പെറുക്കി നിറച്ചു കൊണ്ടു വന്നതാണെന്ന് അറിയുമ്പോളാണ് നമ്മള്‍ അവനെ നമിച്ചു പോകുന്നത്. കൂടാതെ നല്ല കൃഷിക്കാരന്‍ കൂടിയാണ് പ്രദീപ്. ബാങ്കില്‍ വരുന്നതിന് മുമ്പ് പ്രദീപ് അടുത്തു വരുമ്പോള്‍ ചിലപ്പോളൊക്കെ ചാണകം മണക്കുമായിരുന്നു. 
ഇത്രയും പറഞ്ഞത് പ്രദീപിനെ പറ്റി കുറച്ചൊരു ചരിത്ര ബോധമുണ്ടാകാന്‍ വേണ്ടിയാണ്. യഥാര്‍ഥത്തില്‍ അവനെ കുറിച്ച് മുഴുവന്‍ എഴുതാന്‍ ബ്ലോഗൊന്നും മതിയാകില്ല.
ബാങ്കിന്റെ നിയന്ത്രണത്തില്‍ ഏതാനും കണ്‍സ്യൂമര്‍ കടകളും വളക്കടകളും ഒരു നീതി സ്‌റ്റോറുമുണ്ട്. ഉത്സവ സീസണുകളിലും മറ്റവസരങ്ങളിലും കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ നാട്ടുകാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഇത്തരം കടകള്‍ ബാങ്ക് നടത്തുന്നത്. ഈ ഈസ്റ്റര്‍- വിഷു സീസണിലും നീതി സ്‌റ്റോറില്‍ പൊതു വിപണിയില്‍ നിന്നും കാര്യമായ വില വ്യത്യാസത്തില്‍ സാധനങ്ങള്‍ കൊടുക്കുന്നുണ്ട്. 
ഞാന്‍ ഇപ്പോള്‍ ബാങ്കിന്റെ പ്രഭാത-സായാഹ്ന കൗണ്ടറിലാണ് ജോലി ചെയ്യുന്നത്. പ്രദീപാകട്ടെ കെ എസ് പുരത്തുള്ള ശാഖയിലും. തിങ്കളാഴ്ച വൈകിട്ട് (05/04/10) വൈകിട്ട് ഏഴര സമയം. ഞാന്‍ ക്യാഷിലാണ്. ചെറിയ തിരക്കേയുള്ളു. എട്ടു മണി വരെയാണ് ബാങ്ക്. പറ്റിയാല്‍ എട്ടിന് തന്നെ ക്ലോസ് ചെയ്യണമെന്ന് ആഗ്രഹിച്ച് ഞാന്‍ അതിനുള്ള കോപ്പു കൂട്ടലിലാണ്. അപ്പോള്‍ ബാങ്കിലേക്ക് ഒരു ഫോണ്‍. മാനേജര്‍ എടുത്തു. പ്രദീപ് വീട്ടിലെത്തിയിട്ടില്ലത്രെ. അച്ഛനാണ് വിളിച്ചത്. അവന്‍ ഇതു വഴി വന്നോ എന്നറിയാനുള്ള വിളിയാണ്. സന്ധ്യക്കു മുമ്പു തന്നെ വീട്ടിലെത്തുന്നയാളാണ് പ്രദീപ്. വിളിച്ചിട്ടു കിട്ടുന്നില്ലത്ര. പുള്ളിക്കാരന്‍ ആകെ ഭയന്നിട്ടുള്ള വിളിയാണ്.
അന്നേ ദിവസം രാവിലെ വന്ന് ഞങ്ങള്‍ക്ക് ഷേക് ഹാന്‍ഡ് തന്നിട്ടു പോയ പാര്‍ടിയാണ്. എവിടെ പോയിരിക്കും. ഞാന്‍ അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട്. അടിച്ചടിച്ച് നില്‍ക്കുകയാണ്. ആരും എടുക്കുന്നില്ല. പലരും മാറിമാറി വിളിച്ചു. അന്ന് വൈകിട്ട് മഴ പെയ്തിരുന്നു. മഴ കാരണം എവിടെയെങ്കിലും കയറി നിന്നു കാണുമെന്നാണ് ആദ്യം ഞങ്ങള്‍ ആശ്വസിച്ചത്. എന്തായാലും എപ്പോളാണ് പ്രദീപ് ബാങ്കില്‍ നിന്ന് പോയതെന്നറിയാന്‍ ഞങ്ങള്‍ കെ എസ് പുരത്തെ ഞങ്ങളുടെ മറ്റൊരു സഹ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു. കൃത്യം അഞ്ചിന് തന്നെ പ്രദീപ് ബാങ്കില്‍ നിന്ന് പോയിരുന്നെന്നും അവന് മഴക്കോട്ടില്ലായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. 
അവന് എന്തു സംഭവിച്ചിരിക്കും? ഞങ്ങള്‍ ചിന്തിച്ച് കാടു കയറാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ക്യാഷ് ക്ലോസു ചെയ്യണം. അതിനിടയില്‍ വേണം പ്രദീപിന് എന്തു പറ്റി എന്ന് ചിന്തിക്കാന്‍. ഒരു വര്‍ഷം മുമ്പ് ഞങ്ങളുടെ മറ്റൊരു സഹ പ്രവര്‍ത്തകനെ കാണാതായത് ഞാന്‍ ഓര്‍ത്തു പോയി. ഏതാനും ദിവസത്തിന് ശേഷം ഏറെയകലെയുള്ള ഒരു പൊട്ടക്കിണറ്റിലാണ് അയാളെ പിന്നീട് കണ്ടെത്തിയത്. അന്നും അയാളെ അവസാനമായി ബാങ്കിനു വേണ്ടി ഒരു ജോലി ഏല്‍പിച്ചത് ഞാനാണ്. അത് ചെയ്തു തീര്‍ത്തിട്ടാണ് അയാള്‍ പോയത്. അയാളുടെ ഒഴിവിലാണ് പ്രദീപ് ബാങ്കിലെത്തിയത്. അയാളുടേതു പോലുള്ള വല്ല തിരോധാനവുമാണോ ഇതും? ഞാനാകെ ആശങ്കയിലായി. സമയം കടന്നു പോയി. വീണ്ടും ഫോണ്‍ ബെല്ലടിച്ചു.
പ്രദീപ് വന്നെന്ന് പറയാനായിരിക്കും. മാനേജര്‍ ഫോണെടുത്തു. പ്രതീക്ഷിച്ച പോലെ പ്രദീപിന്റെ അച്ഛന്‍ തന്നെ. ഞങ്ങള്‍ക്ക് വിവരം വല്ലതും ലഭിച്ചോ എന്നറിയാനുള്ള വിളിയാണ്. എന്തു പറയണമെന്നറിയില്ലായിരുന്നു ഞങ്ങള്‍ക്ക്.  ഞങ്ങള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ലെന്ന് പറയാനേ കഴിഞ്ഞുള്ളു. അന്തരീക്ഷം കൂടുതല്‍ മ്ലാനമായി. ഉഹോപോഹങ്ങള്‍ക്ക് ചിറകു വച്ചു. എന്തായാലും ഒരു കാര്യം ഉറപ്പായിരുന്നു. അവന്റെ മുന്‍ഗാമി പൊട്ടക്കിണറ്റിലേക്കു പോയതു പോലെ എന്തായാലും പ്രദീപ് പോകില്ല. പക്ഷെ ആര്‍ക്ക് ആരേപ്പറ്റി എന്തു പറയാനൊക്കും? 
ഇതിനിടെ ഞങ്ങളുടെ കൂടെയു്ള്ള ബേബിച്ചേട്ടന്‍ പറഞ്ഞു.
' അവന്‍ വേറെയെങ്ങും പോയിക്കാണില്ല; നീതി സ്‌റ്റോറില്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ വന്നിട്ടുണ്ട്. അവന്‍ അവിടെ പോയതായിരിക്കും'' 
പ്രദീപിന്റെ സ്വഭാവം വച്ചു നോക്കിയാല്‍ അങ്ങനെയും സംഭവിക്കാം. 
ടെലിഫോണ്‍ കോളുകള്‍ നാലു പാടും പാഞ്ഞു. അറിയേണ്ട കാര്യം മാത്രം അറിയുന്നില്ല.
സമയം പിന്നെയും നീങ്ങി. 8.30 മണിയായി. പണം എണ്ണി തിട്ടപ്പെടുത്തി കോയിന്‍ രജിസ്റ്ററില്‍ നോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഫോണ്‍ ബെല്‍ മുഴങ്ങി. പ്രാര്‍ഥിച്ചു കൊണ്ടാണ് മാനേജര്‍ ഫോണെടുത്തത്. സന്ദേശം കേട്ട് മാനേജരുടെ മുഖം തെളിഞ്ഞു.
' പ്രദീപ് വീട്ടിലെത്തി' 
അവന്‍ എവിടെപ്പോയതാ? ബേബിച്ചേട്ടന്‍ ചോദിച്ചു.
' നീതി സ്‌റ്റോറില്‍ പോയതാണെന്ന്..''
ബേബി ചേട്ടന്‍ ഉറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു.
' ഇപ്പോളെങ്ങനെയുണ്ട്, ഞാന്‍ പറഞ്ഞത് ശരിയായില്ലേ.. വില കുറച്ച് എന്തു വില്‍ക്കാനുണ്ടെങ്കിലും പ്രദീപ് വാങ്ങും'
ബേബിച്ചേട്ടന്റെ അനുമാനം ശരിയായിരുന്നു.
ബാങ്കില്‍ നിന്ന് നേരെ നീതി സ്റ്റോറിലേക്കാണ് പ്രദീപ് പോയത്. അവിടെ നില്‍ക്കവെ മഴ പെയ്തു. കടയിലെ മാനേജരോട് വര്‍ത്തമാനം പറഞ്ഞ് സമയം പോയി. വീട്ടില്‍ സ്ഥിരമായി എത്തേണ്ട സമയം കഴിഞ്ഞു. അതാണ് വീട്ടുകാര്‍ക്ക് പരിഭ്രമമായത്.എന്തായാലും പ്രദീപ് സുരക്ഷിതനായി വീട്ടിലെത്തിയതും സര്‍വോപരി നീതി സ്റ്റോറില്‍ നിന്നും അരിയും പലചരക്കു സാധനങ്ങളും ക്യൂ നിന്നു വാങ്ങി നില്‍ക്കാന്‍ നേരമില്ലാത്ത ഓട്ടക്കാരുടെ ദുര്‍വ്യയങ്ങള്‍ക്കെതിരെ പ്രതീകാത്മകമായി പോരാടിയതും കുറേക്കാലം ഓര്‍മ്മയിലുണ്ടാകും.

Friday, April 2, 2010

ഭൂതം ആവേശിച്ച വണ്ടി; ഒരു ഏപ്രില്‍ ഫൂള്‍ ഡയറിക്കുറിപ്പ്‌



എത്ര ജാഗ്രതയോടെ ഇരുന്നാലും ഏപ്രില്‍ ഒന്നിന് ഫൂളാകാനാണ് വിധിയെങ്കില്‍ അതിനെ തടുക്കാന്‍ ദൈവം തമ്പുരാനു പോലും കഴിയില്ലെന്ന് ഇപ്പോള്‍ എനിക്കുറപ്പായി.
മാര്‍ച്ച് 31ന് വൈകിട്ട് 11.30 ഓടെ ഉറങ്ങാന്‍ പോകുമ്പോള്‍ ഒന്നുറപ്പിച്ചിരുന്നു. നേരം വെളുക്കുമ്പോള്‍ നമ്മളെ ഫൂളാക്കാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്ന ആരെങ്കിലും എന്തെങ്കിലും വികൃതി ഒപ്പിക്കാതിരിക്കില്ല. ഒന്നു കരുതിയിരിക്കണം. കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ. മുമ്പ് നാട്ടുകാരെ ഫൂളാക്കാന്‍ നിരവധി മാര്‍ച്ച് 31 കളില്‍ ഉറക്കമിളച്ച പാരമ്പര്യം ഉള്ളതിനാല്‍ എന്തും നേരിടാനുള്ള മുന്നൊരുക്കം എടുത്തിരുന്നു. രാവിലെ വിളിച്ചുണര്‍ത്തി ഒരു ഫോണ്‍കാള്‍... അതല്ലെങ്കില്‍ കണികാണാന്‍ എന്തെങ്കിലും വികൃതികള്‍...അതിലുമപ്പുറം ഒന്നുമുണ്ടാകാനിടയില്ല.
വീടിനോടു ചേര്‍ന്നുള്ള തറവാട്ടു വീട്ടിലാണ് ഞാന്‍ അന്തിയുറങ്ങുന്നത്. അവിടെ ഇളയച്ഛന്‍ മാത്രമാണുള്ളത്. 64 വയസെങ്കിലുമുണ്ട് ഇളയച്ഛന്. തനിച്ചാകാതിരിക്കാന്‍ ഞാന്‍ രാത്രിയാകുമ്പോള്‍ അങ്ങോട്ടു പോകും. പുതിയ വീടു വച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. വളരെ അപൂര്‍വം ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അവിടെ അന്തിയുറങ്ങാറുള്ളു. ചെറുപ്പം മുതല്‍ തറവാട്ടിലാണ് എന്റെ വാസം. അത് അവസാനിപ്പിക്കാന്‍ മടി. കൂടെ ഇളയച്ഛന്‍ ഒറ്റയ്‌ക്കേയുളളുവെന്ന വൈകാരികതയും. പുതിയ വീട്ടില്‍ നിന്ന് കഷ്ടിച്ച് 15 മീറ്റര്‍ അകലമേയുള്ളു തറവാട്ടിലേക്ക്. ഒന്നു തുമ്മിയാല്‍ കേള്‍ക്കാം.

(ഇതാണ് തറവാട്ട് വീട്. കടുത്തുരുത്തി തിരുമഠത്തില്‍ വീട് )


അനുജന്‍ ടാറിംഗ് പണികള്‍ കരാറെടുത്തു നടത്തുകയാണ്. എന്നു കരുതി വമ്പന്‍ കോണ്‍ട്രാക്ടറൊന്നുമല്ല. പ്രൈവറ്റ് ടാറിംഗ് പണികള്‍ നടത്തി അല്ലലില്ലാതെ പോകുന്നു. അത്ര തന്നെ. നേരത്തെ അച്ഛനും ഇതേ പണി തന്നെയായിരുന്നു. അച്ഛന്‍ മരിച്ചിട്ട് 6 വര്‍ഷമായി. പിന്നെ അനുജന്‍ ആ പണി ഏറ്റെടുത്തു. ഞാന്‍ പണ്ടേ മടിയനായിരുന്നു. എന്നെ ഈ പണി പഠിപ്പി്ക്കാന്‍ അച്ഛന്‍ ഏറെ പയറ്റിയതാണ്. തോറ്റു തൊപ്പിയിട്ടത് മിച്ചം. അച്ഛന്റെ മരണ ശേഷം വീട്ടിലെ കാര്യങ്ങള്‍ ഇത്തിരി പരുങ്ങലിലായി. എനിക്കു കാര്യമായ പണിയില്ല. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനായി വിരാജിക്കുകയായിരുന്നു അന്നു ഞാന്‍. കൂടി വന്നാല്‍ മാസം 1250 രൂപ കൈയ്യില്‍ കിട്ടും. അതു കൊണ്ട് ഒന്നുമാകില്ല. പത്ര പ്രവര്‍ത്തനത്തിന്റെ ചെലവുകളും അതില്‍ നിന്ന് പോകും. പിന്നെ വട്ടപൂജ്യനായാണ് നടപ്പ്. അതു വരെ ആ നടപ്പ് എനിക്ക് പ്രയാസമായിരുന്നുമില്ല. കഥ മാറി മറിഞ്ഞത് പിന്നീടാണല്ലോ. അച്ഛന്റെ മരണശേഷം...
അങ്ങനെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴാണ് ഒരു ആശയം തെളിഞ്ഞത്. ആയിടയ്ക്ക് റോഡ് ടാറിംഗിന് പഴയ ജീപ്പ് പിന്നില്‍ പെട്ടി കയറ്റി ടിപ്പറാക്കി ഉപയോഗിച്ചു തുടങ്ങിയിരുന്നു. അതു വരെ പഴപഴഞ്ചന്‍ ഓട്ടോറിക്ഷകള്‍ കൈയ്യടക്കിയിരുന്ന മേഖലയാണ്. ഇത്തരം ജീപ്പിന് ഒരു ദിവസം 1000 രൂപയോളമാണ് വാടക. വാടകയ്‌ക്കെടുക്കുന്ന കക്ഷി ഇന്ധനം അടിച്ചു കൊള്ളും ഡ്രൈവര്‍ക്ക് 300 രൂപ കൂലി കൊടുത്താല്‍ 700 രൂപ ലാഭം! അതു കൊള്ളാവുന്ന സംഗതിയായി ഞങ്ങള്‍ക്കു തോന്നി. എന്റെ ഗുരുതുല്യനായ സുഹൃത്ത്  പ്രകാശ്‌സാര്‍ 25000 രൂപ കടം തന്ന് സഹായിക്കാന്‍ തയ്യാറാതോടെ തലയോലപ്പറമ്പ് വടയാറില്‍ നിന്ന് ഒരു പഴഞ്ചന്‍ ജീപ്പ് 23000 രൂപയ്ക്ക് വാങ്ങി. ജീപ്പ് ആള്‍ട്ടര്‍ ചെയ്ത് പെട്ടി കയറ്റി ഓട്ടത്തിന് തയ്യാറാക്കി. 

എന്നാല്‍ ഭാഗ്യം എതിര്‍ ദിശയിലായിരുന്നു. രണ്ടു ദിവസം പണിക്കു പോയാല്‍ നാലു ദിവസം പണിക്കു കയറ്റേണ്ട നിലയിലായിരുന്നു ജീപ്പിന്റെ സ്ഥിതി. കൂനിന്മേല്‍ കുരുവായതോടെ ആ വണ്ടി പാട്ട വിലയ്ക്ക് തൂക്കി വില്‍ക്കേണ്ടി വന്നു. പിന്നെ മുത്തശ്ശിയുടെ കൂടി ധന സഹായത്തോടെ വേറൊരു ജീപ്പ് വാങ്ങി. പഴയ ഒരു പോലിസ് ജീപ്പ്. നല്ല റണ്ണിംഗ് കണ്ടീഷന്‍. കണ്ടാല്‍ ആള്‍ട്ടര്‍ ചെയ്യാന്‍ തോന്നില്ലാത്ത ഗാംഭീര്യം. പക്ഷെ നമുക്കു വേറെ വഴിയില്ലല്ലോ.. ടിപ്പറാക്കി. ഇപ്പോള്‍ ഞങ്ങളുടെ കൂടെപ്പിറപ്പിനെ പോലെയായി അവന്‍. അവനാണ് ഈ എപ്രില്‍ ഫൂള്‍ കഥയിലെ നായകന്‍.



(നമ്മളെ വിരട്ടിയ ശേഷമുള്ള കിടപ്പാണ് കള്ളന്‍)

അങ്ങനെ ഞാന്‍ പുതിയ വീട്ടില്‍ നിന്ന് തറവാട്ടിലേക്ക് ഉറങ്ങാനായി പോയി. വൈകാതെ തന്നെ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
ഞങ്ങളുടെ വീട് ഇരിക്കുന്നത് റോഡരികിലാണ്. ചിത്താന്തി കുന്നിലേക്കുള്ള കയറ്റമാണ് ഈ റോഡ്. ടാര്‍ ചെയ്തതാണെങ്കിലും ഒക്കെയും പൊട്ടിപ്പൊളിഞ്ഞിട്ടാണ്. വണ്ടി കയറി വരാന്‍ ഇത്തിരി വിഷമിക്കും. ഞങ്ങളുടെ പുതിയ വീടിന് ഗേറ്റില്ല. റോഡിലേക്കു തുറന്നിരിക്കുന്ന നിലയിലാണ്. പുതിയ വീടിന്റെ തെക്കു വശത്ത് വീതിയുള്ള മുറ്റമുണ്ട്. അവിടെയാണ് ജീപ്പ് ഇടാറ്. ഉയര്‍ന്നു നിന്നിരുന്ന പറമ്പ് മണ്ണെടുത്തുണ്ടാക്കിയ മുറ്റമാണിത്. മണ്ണ് മാറ്റിയത് മുറ്റത്തിന്റെ കിഴക്കു ഭാഗത്ത് കൂട്ടിയിട്ടിട്ടുമുണ്ട്. അതിനോട് തൊട്ടു ചേര്‍ന്ന് ഒരു സര്‍പ്പപ്പാലയുണ്ട്. മുമ്പ് മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ വിളക്കു വച്ചിരുന്നതാണ്. ഒരു വര്‍ഷം മുമ്പ് മുത്തശ്ശി മരിച്ചതോടെ വിളക്കുവയ്പും ആരാധനയുമെല്ലാം നിന്നു. കാടു കയറി അതങ്ങനെ നില്‍പാണ്. ചില നേരങ്ങളില്‍ പാലപ്പൂവിന്റെ മാദഗ ഗന്ധം ഉയരും നേര്‍ത്ത യക്ഷിപ്പേടിയും മറ്റും തോന്നുന്നത് അപ്പോളാണ്. കാര്യം ഞാന്‍ ഭൗതിക വാദിയൊക്കെയാണെങ്കിലും ചിലപ്പോള്‍ രാത്രി ഈ പാലപ്പൂഗന്ധം അനുഭവപ്പെടുമ്പോള്‍ നേരിയ ഭാവന ഇതള്‍ വിടരുകയും ചില്ലറ പേടി തോന്നുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോള്‍, പറഞ്ഞു വന്നത് നേരത്തെ തന്നെ ഈ സര്‍പ്പപ്പാല കേന്ദ്രീകരിച്ച് വിശ്വാസത്തിന്റെ നിഗൂഡഭയം ഇവിടെ നിലനില്‍ക്കുന്നുണ്ട്. 

(മുത്തശ്ശിയുടെ സര്‍പ്പപ്പാല)

ഏതോ വണ്ടിയുടെ ഇരമ്പല്‍ കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സമയം എത്രയായെന്ന് തിട്ടമില്ല. ഞാന്‍ കിടക്കുന്ന മുറിയില്‍ ഒരു ക്ലോക്കുണ്ടെങ്കിലും അത് ചത്തിട്ട് മാസങ്ങളായി. ബാറ്ററി മാറിവയ്ക്കുന്ന കാര്യം എപ്പോളും മറക്കും. ഏതോ വണ്ടി കയറ്റം കയറി വരികയാണെന്ന് ഞാന്‍ കരുതി. കണ്ണുകളില്‍  ഉറക്കം കനം തൂങ്ങി നില്‍ക്കുകയാണ്. 
ഇടയ്ക്ക് അങ്ങനെ അതു വഴി വണ്ടി കയറി വരാറുണ്ട്. ഞാന്‍ കുറച്ചു മാത്രകള്‍ കൂടി കാതോര്‍ത്തു കിടന്നു. അപ്പോള്‍ എന്തോ  എന്തിലോ ഇടിക്കുന്ന ശബ്ദം. തുടര്‍ന്ന് ഇരമ്പല്‍ ഒന്നു കൂടി കരുത്താര്‍ജ്ജിച്ചതും കേട്ടു. കയറ്റം കയറി വരേണ്ട വണ്ടി കയറി പോകേണ്ട സമയം കഴിയുകയും ചെയ്തു. ഇരമ്പല്‍ അതേപടി നില്‍ക്കുകയാണ്. സംശയമായി.ആശങ്കയും.....എന്തായിരിക്കും? 
പതിയെ കട്ടിലില്‍ നിന്ന് എണീറ്റു. ഇളയച്ഛന്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. കൂര്‍ക്കം വലി കേള്‍ക്കാം. ഇനി എനിക്കു തോന്നുന്നതാണോ? ഞാന്‍ കാതില്‍ ചെറുതായി നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. അപ്പോള്‍ പുറത്തെന്തോ സംഭവിക്കുന്നുണ്ട്. പുറത്തേക്കിറങ്ങാന്‍ ചെറിയ പേടി തോന്നി. എന്നാലും ഒന്നു നോക്കാതിരിക്കുന്നതെങ്ങനെ....
ശബ്ദമുണ്ടാക്കാതെ തറവാട് വീടിന്റെ മുന്‍വാതില്‍ തുറന്നു. പതിയെ പുറത്തിറങ്ങി. നല്ല നിലാവുണ്ട്. ചുറ്റുപാടുകള്‍ ഏതാണ്ട് നന്നായി കാണാം. ഇരമ്പല്‍ ശ്ബദം കൂടിയ പോലെ. എന്റെ വീട്ടില്‍ നിന്നാണല്ലോ.. ഇരമ്പല്‍ ശബ്ദത്തിന്റെ ദിശ തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചിടിപ്പിന് ആക്കം കൂടി. ആകെ കൂടി ഒരു പരവേശം...ഒറ്റകുതിപ്പിന് തറവാട്ടു വീടിന്റെ വടക്കേ മുറ്റത്തേക്കെത്തി. നോക്കിയപ്പോള്‍ ഞങ്ങളുടെ ജീപ്പ്!!! അത് ഭയങ്കര ശബ്ദത്തോടെ നിന്ന് ഇരയ്ക്കുകയാണ്. വീട്ടിലെ ലൈറ്റുകളൊന്നും തെളിഞ്ഞിട്ടില്ല. അനിയനാണ് വണ്ടി ഓടിക്കുന്നതും മറ്റും. എനിക്ക് ഇത്യാദി സുകുമാര കലകളൊന്നും നല്ല വശമില്ല. ഇവനെന്തിനാണ് വണ്ടി ഇങ്ങനെ ഇരപ്പിക്കുന്നതെന്നാണ് ഞാന്‍ ആദ്യം സംശയിച്ചത്. നോക്കുമ്പോള്‍ വണ്ടിയുടെ പിന്നില്‍ നിന്ന് കട്ടിപ്പുക ഉയരുന്നു. വണ്ടി കത്തുകയാണോ!!!???
അടിവയറ്റില്‍ നിന്ന് ഒരാന്തല്‍. അരുതാത്തതെന്തോ സംഭവിക്കുന്നു!!! ഞാന്‍ താഴേക്ക്(പുതിയ വീട്ടിലേക്ക്) കുതിച്ചു. 
(പുതിയ വീട്. വലതു വശത്തുകാണുന്ന മണ്‍നിറമുള്ള ഇടത്താണ് സംഭവം)


അപ്പോളേക്കും അമ്മ ഉണര്‍ന്നു ലൈറ്റിട്ടു. തെക്കേ മുറ്റത്തേക്കുള്ള സി എഫ് എല്‍ ഫ്യൂസായിപോയിട്ട് മാസങ്ങളായി. അങ്ങോട്ടു മാത്രം വെളിച്ചമില്ല. ഞാന്‍ താഴെ ചെന്ന് ജനാലയില്‍ മുട്ടി വിളിച്ചു. വാതില്‍ തുറന്ന് അമ്മയും അനുജനും അനുജത്തിയും പുറത്തേക്കു വന്നു. അനുജന്റെ മുഖത്ത് ഉറക്കം നിറഞ്ഞു നില്‍ക്കുന്നു. അവന്‍ ഒന്നും മനസിലാകാതെ നില്‍പാണ്. ഞാന്‍ ഇവിടെ ഇട്ടിരുന്ന ജീപ്പാണല്ലോ.. അതെങ്ങനെ അവിടെ ചെന്നു? അവന്‍ ആത്മഗതം ചെയ്യുന്നു. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല.
' എടാ ജീപ്പ് കത്തുന്നു വേഗം വെള്ളമെടുക്ക്...' 
അതു പറഞ്ഞു കൊണ്ട് ഞാന്‍ പൈപ്പിന്റെ ചുവട്ടിലേക്കോടി. ബാക്കിയുള്ളവര്‍ ജീപ്പിനടുത്തേക്കും ഓടി. ഞാന്‍ വെള്ളവുമായി ചെല്ലുമ്പോള്‍, റിവേഴ്‌സ് ഗിയറില്‍ പരക്കം പായുന്ന നിലയിലാണ് ജീപ്പ്. മുറ്റത്തിന്റെ കിഴക്കുവശത്തു കൂട്ടിയിട്ടിട്ടുള്ള മണ്‍കൂനയ്ക്ക് മുമ്പില്‍ ഇരുന്ന ടാര്‍ വീപ്പയില്‍ വണ്ടി ഇടിച്ച ശബ്ദമാണ് നേരത്തെ ഞാന്‍ കേട്ടത്. മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുന്നത് കാരണം ചക്രം അതിവേഗത്തില്‍ കറങ്ങി കത്തിയാണ് കറുത്ത പുക ഉയരുന്നത്. ഉച്ചത്തിലുള്ള ഇരമ്പവും ടയര്‍ കത്തുന്ന പുകയും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു ഭയാനാകാന്തരീക്ഷം. അനിയന്‍ വണ്ടിയ്ക്കകത്തേക്ക് കയറി, ഗിയര്‍ മാറ്റി ന്യൂട്രലിലാക്കി. അതോടെ ചക്രങ്ങളുടെ കറക്കം നിന്നു, സ്‌റ്റോപ്പറില്‍ പിടിച്ചു തൂങ്ങിയിട്ടും വണ്ടി നില്‍ക്കുന്നില്ല. സ്റ്റോപ്പറില്‍ വലിക്കുമ്പോള്‍ ഇരമ്പം ഇത്തിരി കുറയും. അത്രമാത്രം. 

വണ്ടി നിര്‍ത്താന്‍ സാധിക്കുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍. ഡീസല്‍ തീരും വരെ ഇത് തുടരുമോ? എന്തു വേണമെന്ന് ഒരു പിടിയുമില്ല.
 ഇതിനോടകം ഒച്ചയും ബഹളവും കേട്ട് അയല്‍ക്കാരും ബന്ധുക്കാരും എഴുന്നേറ്റു വന്നു. 
ഒടുവില്‍ വണ്ടികണ്ടെത്തി നല്‍കുകയും അറ്റകുറ്റപ്പണി സ്ഥിരമായി ചെയ്യുകയും ചെയ്യുന്ന വര്‍ക് ഷോപ്പിലെ സജി ചേട്ടനെ വിളി്ക്കാന്‍ തീരുമാനിച്ചു.  മൊബൈലില്‍ പല തവണ വിളിച്ചിട്ടും സജി ചേട്ടന്‍ എടുക്കുന്നില്ല. ഫൂളാക്കാന്‍ വിളിക്കുകയാണെന്ന് കരുതിയാവാം. എന്തായാലും വിളി തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം എടുത്തു. കാര്യം പറഞ്ഞപ്പോള്‍ വണ്ടിയുടെ ബാറ്ററി അഴിക്കാന്‍ പറഞ്ഞു. സ്പാനര്‍ സെറ്റ് എടുത്തു കൊണ്ടു വന്ന് ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിച്ചു.  അപ്പോള്‍ ഇരമ്പലിന് ഇത്തിരി ശക്തി കുറഞ്ഞതല്ലാതെ മറ്റ് മാറ്റമൊന്നുമില്ല. വണ്ടി നിര്‍ത്താന്‍ കഴിയുന്നില്ല. 
വീണ്ടും സജി ചേട്ടന്റെ സഹായം തേടി. താന്‍ നേരിട്ട് വരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഇതിനിടെ അനിയന്‍ ബോണറ്റ് തുറന്ന് സ്‌റ്റോപ്പര്‍ ഘടിപ്പിച്ചിട്ടുള്ള കേബിളില്‍ ശക്തിയായി വലിച്ചു. അല്‍പ സമയത്തെ പരിശ്രമത്തിനിടെ വണ്ടി പെട്ടെന്ന് നിന്നു. 
എല്ലാവര്‍ക്കും ആശ്വാസമായി. സജി ചേട്ടനോട് വരേണ്ടെന്ന് വിളിച്ചു പറഞ്ഞു. 
അപ്പോള്‍ സമയം പുലര്‍ച്ചെ നാലായി എന്ന് ആരോ പറയുന്നത് കേട്ടു. വണ്ടി നില്‍ക്കുകയും പരിഭ്രമങ്ങളെല്ലാം അവസാനിക്കുകയും ചെയ്തു. 
പക്ഷെ ചില സംശയങ്ങള്‍ മാത്രം ബാക്കി. എങ്ങനെയാണ് ജീപ്പ് സ്റ്റാര്‍ട്ടായത്? ഇനി ആരെങ്കിലും ജീപ്പ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാണോ? അങ്ങനെയെങ്കില്‍ സ്‌റ്റോപ്പറിന് എങ്ങനെയാണ് തകരാറ് സംഭവിച്ചത്..........ആക്‌സിലേറ്റര്‍ ആരും അമര്‍ത്താതെ വണ്ടി എങ്ങനെയാണ് അത്രയും വേഗത്തില്‍ പിന്നാക്കം കറങ്ങിയത്. 
ബുധനാഴ്ച വൈകിട്ട് 7.30 ഓടെ ഓട്ടം കഴിഞ്ഞെത്തിയ ജീപ്പ് അനിയന്‍ തെക്കേ മുറ്റത്തേക്ക് റോഡിനോട് ചേര്‍ന്നാണ് നിര്‍ത്തിയിരുന്നത്. തനിയെ ഉരുണ്ടു പോകാതിരിത്താന്‍ റിവേഴ്‌സ് ഗിയര്‍ ഇട്ടിരുന്നു താനും. വാഹനം തനിയെ സ്റ്റാര്‍ട്ടായി പിന്നോട്ട് പത്തു മീറ്ററോളം ഓടുകയും മണ്‍തിട്ടയില്‍ ഇടിച്ചു നിന്ന് ഇരമ്പുകയുമായിരുന്നു. എന്ത് എങ്ങനെ സംഭവിച്ചു എന്നതിനൊന്നും വ്യക്തമായ ഉത്തരമില്ല. അജ്ഞാതമായ ഏതോ കാരണത്താല്‍ ജീപ്പ് തനിയെ സ്റ്റാര്‍ട്ടാകുകയും മറ്റ് മേല്‍ വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തതാകാം. എന്തായാലും ഭൂതാവേശിതനായതുപോലെ ജീപ്പ് പെരുമാറിയതോടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഏപ്രില്‍ ഫൂളിംഗിന് വിധേയരാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞെന്നു ചുരുക്കം.

(കിടക്കുന്ന കിടപ്പു കണ്ടോ... കള്ളന്‍..!! ഒന്നുമറിയാത്ത പോലെ...)







Tuesday, March 23, 2010

തമിഴന്‍

കൃത്യമായി പറഞ്ഞാല്‍ 2010 മാര്‍ച്ച് മാസം 22 തിങ്കളാഴ്ച. അപ്പോള്‍ സമയം ഏതാണ്ട് മൂന്നു മണിയോടടുത്തു കാണും. കമ്മ്യുണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റിന്റെ) കടുത്തുരുത്തി ഏരിയാ കമ്മറ്റി ഓഫീസിന്റെ താഴത്തെ നിലയിലെ ഇറയം. അവിടം ഒരു തുറന്ന ഭാഗമാണ്. ഏറ്റം അകത്തെ അറ്റത്തായി രണ്ട് ഡസ്‌കുകളും ഏതാനം ഫൈബര്‍ കസേരകളും ഉണ്ട്. ഓഫീസില്‍ വരുന്നവര്‍ സാധാരണ ഇരിക്കുന്നത് അവിടെയാണ്. ഡസ്‌കിന് മുകളില്‍ ദേശാഭിമാനി, മാധ്യമം, മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ പിന്‍ ചെയ്ത നിലയില്‍ കാണാം. പത്രം പലവഴിക്കാകാതിരിക്കാന്‍ ഓഫീസ് സെക്രട്ടറി പുരുഷന്‍ കാട്ടുന്ന ജാഗ്രതയാണ് ഈ കുത്തിക്കെട്ടല്‍. ഈ ഇറയത്തിന്റെ നേരെ പിന്നില്‍ പാര്‍ടി ഓഫീസിലെ ഇനിയും തുറക്കാത്ത ലൈബ്രറിയില്‍ കുറേ പുസ്തകങ്ങള്‍ പൊടി നിറഞ്ഞ് വീര്‍പ്പു മുട്ടിയിരിക്കുന്നുണ്ട്. ഓഫീസിന്റെ പുതിയ മന്ദിരം രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍ പാര്‍ടിക്കാരെയും നാട്ടുകാരെയും ഉദ്ദേശിച്ച് ഒരു ലൈബ്രറി തുറക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി പലരില്‍ നിന്നും സംഭാവനയായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായി ആയിരത്തില്‍ പരം പുസ്തകങ്ങളും എത്തി. എന്നാല്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലൈബ്രറിയുടെ തുറക്കല്‍ നടന്നിട്ടില്ല.
പ്രസ്തുത ഇറയത്ത് ഞങ്ങള്‍ നാലഞ്ചു പേര്‍. രാഷ്ട്രീയവും അല്ലാത്തതുമായ വിഷയങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്ത് ഇരിക്കുകയായിരുന്നു. പുറത്ത് വെയില്‍ തിളയ്ക്കുകയാണ്. ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഓഫീസിന്റെ മുറ്റമെന്ന് വേണമെങ്കില്‍ പറയാവുന്ന കവാടം ചുവന്ന തോരണം കെട്ടി അലങ്കരിച്ചിരുന്നു. ഇപ്പോള്‍ ഓഫീസിനുള്ളില്‍ നിന്നു പുറത്തേക്കുള്ള ദൃശ്യം കണ്ടാല്‍ അവിടം തീപിടിച്ചു കത്തുന്നത് പോലെ തോന്നും. ഡി വൈ എഫ് ഐ യുടെ ബ്ലോക്കു കമ്മറ്റി സെക്രട്ടറി ജോസഫ്കുട്ടി, ബ്ലോക്കു കമ്മറ്റി വൈസ് പ്രസിഡന്റ് ലെനു മാത്യു, തുടങ്ങിയവരും കൂട്ടത്തിലുണ്ട്.
അപ്പോള്‍ നേര്‍ത്തു മെലിഞ്ഞ ഒരു രൂപം അല്പമൊന്നുലഞ്ഞ് ആഫീസിനുള്ളിലേക്ക് കയറി വന്നു. അടുത്തു വന്ന് ഒട്ടു നേരം സംശയിച്ചു നിന്ന രൂപത്തെ ഞങ്ങള്‍ ശ്രദ്ധിച്ചു നോക്കി. ഒരു പയ്യന്‍. തമിഴനാണെന്ന് കണ്ടാലേ അറിയാം. മുഷിഞ്ഞ ഒരു ഒറ്റ മുണ്ടും ഷര്‍ട്ടുമാണ് വേഷം.
ഒരു നിമിഷത്തെ പതറിച്ചയ്ക്കു ശേഷം കൊടും തമിഴില്‍ അവന്‍ എന്തോ പറയാന്‍ തുടങ്ങി. വല്ലപ്പോഴും തമിഴ് സിനിമ കാണുമെന്നല്ലാതെ തമിഴുമായി ഞങ്ങള്‍ക്കാര്‍ക്കും വലിയ ബന്ധമൊന്നുമില്ല. ധാരാളം തമിഴന്മാര്‍ ഞങ്ങളുടെ പ്രദേശത്ത് വന്ന് പണിയെടുത്തു ജീവിക്കുന്നുണ്ട്. അവര്‍ ജീവിതായോധനത്തിന്റെ ഭാഗമായി മലയാളം പഠിക്കാറുണ്ടെന്നതിനാല്‍ അവരുമായി ഇടപെടുന്നതിനും തമിഴ് പഠിക്കേണ്ട കാര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നിരുന്നാലും അവന്‍ പറഞ്ഞത് മുഴുവന്‍ മനസിലായില്ലെങ്കിലും കാര്യം തീരെ മനസിലാകാതെയുമിരുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ പണിക്കു കൊണ്ടു വന്നതാണ് അവനെ. പയ്യന്റെ പണി ബോധിക്കാഞ്ഞിട്ടോ എന്തോ, പണിക്കു കൊണ്ടു വന്നയാള്‍ ഇവനെ പറഞ്ഞു വിട്ടു. ഇനി കേരളത്തില്‍ നിന്നിട്ട് കാര്യമില്ലെന്ന് അവന് മനസിലായി. എങ്ങനെയും നാട്ടിലെത്തണം അതാണ് അവന്റെ ആഗ്രഹം. ആഗ്രഹം ഉണ്ടായാല്‍ നാട്ടിലെത്തില്ലല്ലോ. അതിന് വണ്ടി കയറണം. വണ്ടി കയറണമെങ്കില്‍ വണ്ടിക്കൂലി വേണം. പയ്യന്റെ കൈയ്യില്‍ ഒറ്റ രൂപയില്ല. നാട്ടിലെത്താന്‍ കുറച്ചു പണം കൊടുത്ത് സഹായിക്കണം. അതാണ് തമിഴന്റെ ആവശ്യം. അതിനാണ് അവന്‍ ഞങ്ങളുടെ അടുത്തു വന്നു നില്‍ക്കുന്നത്.
ഇരുന്നൂറ് രൂപയുണ്ടെങ്കിലേ സ്വദേശത്തെത്താനാകൂ. അത് എങ്ങനെയും നല്‍കണമെന്നാണ് ആവശ്യം. തമിഴന്റെ നില്‍പും ഭാവവും കണ്ടിട്ട് കള്ളത്തരം തോന്നുന്നില്ല. എന്നാലും വിശ്വസിക്കുന്നതെങ്ങനെ? ഓരോരുത്തരും ആളാംവീതം തമിഴനെ ക്വസ്റ്റിയന്‍ ചെയ്തു. ഒടുവില്‍ ഉറപ്പിച്ചു. സംഗതി നേരു തന്നെ. വൈകിയില്ല, ജോസഫ്കുട്ടി പോക്കറ്റില്‍ നിന്ന് നൂറു രുപയെടുത്ത് കളത്തില്‍ കീച്ചി. അതു കണ്ടപ്പോള്‍ ഓരോരുത്തരും പോക്കറ്റിന്റെ കനം അനുസരിച്ച് ആവുന്നത് കളത്തിലിട്ടു. എല്ലാം കൂടി എണ്ണി നോക്കിയപ്പോള്‍ 180 രൂപായുണ്ട്. അത് അവന് നല്‍കി. എന്നാല്‍ തമിഴന്‍ പയ്യന്‍ പോകണ്ടേ. അവന്‍ 200 രൂപ കിട്ടിയാലേ പോകൂ. അവന്‍ പറയുന്നത് ന്യായമല്ലേ. ഈ തുക കൊണ്ട് അവന്‍ ഉദ്ദേശിക്കുന്ന ഇടത്ത് ചെല്ലില്ല.
ഏതായാലും ചുറ്റിയ പാമ്പ് കടിച്ചേ പോകൂ എന്ന് വ്യക്തമായി. ആ നിലയ്ക്ക് ചിലരെങ്കിലും കളത്തിലിട്ട തുക ഒന്നു പരിഷ്‌കരിച്ചു. അതോടെ 250 രൂപയോളം ആയി. പോകും വഴി അവന്‍ ഒരു ചായ കൂടി കഴിച്ചിട്ടു പോട്ടെ എന്ന നിലയായിരുന്നു ഞങ്ങള്‍ക്ക്. പണം വാങ്ങി നന്ദി പറഞ്ഞ് പോകാനിറങ്ങിയ പയ്യനോട് ഞങ്ങള്‍ ചോദിച്ചു.
നീ എന്താ ഇങ്ങോട്ടു തന്നെ വന്നത്.?
കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആഫീസാണെന്ന് മനസിലായതു കൊണ്ടു വന്നതാണ്. നിങ്ങള്‍ സഹായിക്കുമെന്ന് അറിയാമായിരുന്നു.
തമിഴിലാണ് അവന്‍ പറഞ്ഞതെങ്കിലും കാര്യം ഞങ്ങള്‍ക്കു മനസിലായി.അപ്പോള്‍ പാര്‍ടിയെക്കുറിച്ച് ഞങ്ങള്‍ക്ക് തെല്ല് അഭിമാനം തോന്നാതെയുമിരുന്നില്ല.
നീ ഏത് പാര്‍ടിയിലാ?
അവന്‍ ഒരു നിമിഷം നിശബ്ദനായി. എന്നിട്ടു പറഞ്ഞു
നിങ്ങള്‍ എനിക്കു പണം തന്നതു കൊണ്ട് എനിക്കു വേണമെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ടിക്കാരനാണെന്ന് പറയാം. പക്ഷെ ഞാന്‍ കമ്മ്യൂണിസ്റ്റല്ല.
പിന്നെ ഏത് പാര്‍ടി?
നാന്‍ വൈകോയുടെ പാര്‍ടിയിലാ
അവന്റെ മറുപടി.
പിന്നെ ആരും ഒന്നും ചോദിച്ചില്ല.
അടുത്ത ബസ് കയറി എറണാകുളത്തെത്തി അവിടെ നിന്ന് നാട്ടിലേക്കു തീവണ്ടി കയറാനാണ് തമിഴന്‍ പയ്യന്റെ യാത്രാ പദ്ധതി. അവന്‍ ഞങ്ങളുടെ സമീപത്തു നിന്ന് പോയി. എന്നാല്‍ അവന്‍ ബസ്‌റ്റോപ്പിലേക്ക് നടക്കുന്നതിന് പകരം എതിര്‍ ദിശയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്ന് അന്ധാളിച്ചു. അവന്‍ നമ്മളെ നൈസായിട്ട് കുപ്പിയിലാക്കിയോ?
എന്നാല്‍ അവനെ പിടികൂടിയിട്ടു തന്നെയെന്നു കരുതി രണ്ടു സഖാക്കള്‍ അവന്‍ പോയ ഭാഗത്തേക്കു വച്ചു പിടിച്ചു. ഏറെ നേരം തെരഞ്ഞിട്ടും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ തിരികെ പാര്‍ടി ഓഫീസിലേക്ക് വന്നു. കാശു പോയതെപ്പറ്റി ഞങ്ങള്‍ സങ്കടം പങ്കുവച്ച് തമിഴന്മാരോടാകെ അമര്‍ഷം കൊള്ളുകയായിരുന്നു.
അപ്പോളുണ്ട് പാര്‍ടി ഓഫീസിന്റെ കവാടത്തിലൂടെ അവന്‍ വരുന്നു. ഞങ്ങള്‍ വിസ്മയത്തോടെ നോക്കി. എന്തായിരിക്കും?
വന്നപാടെ പോക്കറ്റില്‍ ചുരുട്ടി വച്ചിരുന്ന ഒരു നൂറു രൂപ നോട്ട് എടുത്ത് ഞങ്ങള്‍ക്കു നേരെ നീട്ടി അവന്‍ പറഞ്ഞു.
എനിക്ക് വേറെ നൂറു രൂപ കിട്ടി. അതു കൊണ്ട് നിങ്ങളോട് മേടിച്ചതില്‍ നിന്ന് നൂറു രൂപ തിരിച്ചു തരാനായി വന്നതാണ്.
സത്യത്തില്‍ ഞങ്ങളാകെ സ്തബ്ദരായിപ്പോയി.
തമിഴന്മാരെപറ്റി അതു വരെ ചിന്തിച്ചതും പറഞ്ഞതുമെല്ലാം എത്ര വലിയ അബദ്ധമായിരുന്നു. ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
സംഭവിച്ചത് ഇതാണ്. പാര്‍ടി ഓഫീസില്‍ നിന്ന് വെളിയിലേക്കിറങ്ങിയ തമിഴന്‍ അവിടെ അടുത്ത് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു വണ്ടി പാര്‍ക്കു ചെയ്തിരിക്കുന്നത് കണ്ടു. നാട്ടുകാരെ കാണാമെന്ന് വിചാരത്താല്‍ ആ വണ്ടിക്കടുത്തേക്കു പോയപ്പോഴാണ് ഞങ്ങള്‍ തെറ്റിദ്ധരിച്ചത്. അവനെ തെരഞ്ഞു പോയവരാകട്ടെ വണ്ടിക്കരികില്‍ നിന്ന അവനെ കണ്ടതുമില്ല. വണ്ടിയുടെ ഉടമയായ തമിഴന്‍ എത്തിയപ്പോള്‍ അവന്‍ അയാളില്‍ നിന്ന് നൂറു രൂപ വാങ്ങിച്ചു. എന്നിട്ട് ഞങ്ങളില്‍ നിന്ന് വാങ്ങിയ തുകയില്‍ പാതി തിരിച്ചു തരാന്‍ വന്നതാണ.
വല്ലാത്ത ആദരവു തോന്നിപ്പോയി ഞങ്ങള്‍ക്കവനോട്.
എന്തു പറയണമെന്ന് വ്യ്ക്തതയില്ലാതായിപ്പോയ നിമിഷങ്ങള്‍ക്ക് ജോസഫുകുട്ടി വിരാമമിട്ടു.
ഏതായാലും നിനക്കു ഞങ്ങള്‍ തന്ന പണമല്ലേ. നിന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ..
പറഞ്ഞറിയിക്കാനാകാത്ത നന്ദി മിഴികളില്‍ തെളിയിച്ച് അവന്‍ പാര്‍ടി ഓഫീസിന്റെ വാതില്‍ കടന്ന് പുറത്തെ തിളയ്ക്കുന്ന വെയിലിലേക്കിറങ്ങി നടന്നു.

Thursday, October 1, 2009