earn cash

Tuesday, March 23, 2010

തമിഴന്‍

കൃത്യമായി പറഞ്ഞാല്‍ 2010 മാര്‍ച്ച് മാസം 22 തിങ്കളാഴ്ച. അപ്പോള്‍ സമയം ഏതാണ്ട് മൂന്നു മണിയോടടുത്തു കാണും. കമ്മ്യുണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റിന്റെ) കടുത്തുരുത്തി ഏരിയാ കമ്മറ്റി ഓഫീസിന്റെ താഴത്തെ നിലയിലെ ഇറയം. അവിടം ഒരു തുറന്ന ഭാഗമാണ്. ഏറ്റം അകത്തെ അറ്റത്തായി രണ്ട് ഡസ്‌കുകളും ഏതാനം ഫൈബര്‍ കസേരകളും ഉണ്ട്. ഓഫീസില്‍ വരുന്നവര്‍ സാധാരണ ഇരിക്കുന്നത് അവിടെയാണ്. ഡസ്‌കിന് മുകളില്‍ ദേശാഭിമാനി, മാധ്യമം, മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ പിന്‍ ചെയ്ത നിലയില്‍ കാണാം. പത്രം പലവഴിക്കാകാതിരിക്കാന്‍ ഓഫീസ് സെക്രട്ടറി പുരുഷന്‍ കാട്ടുന്ന ജാഗ്രതയാണ് ഈ കുത്തിക്കെട്ടല്‍. ഈ ഇറയത്തിന്റെ നേരെ പിന്നില്‍ പാര്‍ടി ഓഫീസിലെ ഇനിയും തുറക്കാത്ത ലൈബ്രറിയില്‍ കുറേ പുസ്തകങ്ങള്‍ പൊടി നിറഞ്ഞ് വീര്‍പ്പു മുട്ടിയിരിക്കുന്നുണ്ട്. ഓഫീസിന്റെ പുതിയ മന്ദിരം രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍ പാര്‍ടിക്കാരെയും നാട്ടുകാരെയും ഉദ്ദേശിച്ച് ഒരു ലൈബ്രറി തുറക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി പലരില്‍ നിന്നും സംഭാവനയായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായി ആയിരത്തില്‍ പരം പുസ്തകങ്ങളും എത്തി. എന്നാല്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലൈബ്രറിയുടെ തുറക്കല്‍ നടന്നിട്ടില്ല.
പ്രസ്തുത ഇറയത്ത് ഞങ്ങള്‍ നാലഞ്ചു പേര്‍. രാഷ്ട്രീയവും അല്ലാത്തതുമായ വിഷയങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്ത് ഇരിക്കുകയായിരുന്നു. പുറത്ത് വെയില്‍ തിളയ്ക്കുകയാണ്. ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഓഫീസിന്റെ മുറ്റമെന്ന് വേണമെങ്കില്‍ പറയാവുന്ന കവാടം ചുവന്ന തോരണം കെട്ടി അലങ്കരിച്ചിരുന്നു. ഇപ്പോള്‍ ഓഫീസിനുള്ളില്‍ നിന്നു പുറത്തേക്കുള്ള ദൃശ്യം കണ്ടാല്‍ അവിടം തീപിടിച്ചു കത്തുന്നത് പോലെ തോന്നും. ഡി വൈ എഫ് ഐ യുടെ ബ്ലോക്കു കമ്മറ്റി സെക്രട്ടറി ജോസഫ്കുട്ടി, ബ്ലോക്കു കമ്മറ്റി വൈസ് പ്രസിഡന്റ് ലെനു മാത്യു, തുടങ്ങിയവരും കൂട്ടത്തിലുണ്ട്.
അപ്പോള്‍ നേര്‍ത്തു മെലിഞ്ഞ ഒരു രൂപം അല്പമൊന്നുലഞ്ഞ് ആഫീസിനുള്ളിലേക്ക് കയറി വന്നു. അടുത്തു വന്ന് ഒട്ടു നേരം സംശയിച്ചു നിന്ന രൂപത്തെ ഞങ്ങള്‍ ശ്രദ്ധിച്ചു നോക്കി. ഒരു പയ്യന്‍. തമിഴനാണെന്ന് കണ്ടാലേ അറിയാം. മുഷിഞ്ഞ ഒരു ഒറ്റ മുണ്ടും ഷര്‍ട്ടുമാണ് വേഷം.
ഒരു നിമിഷത്തെ പതറിച്ചയ്ക്കു ശേഷം കൊടും തമിഴില്‍ അവന്‍ എന്തോ പറയാന്‍ തുടങ്ങി. വല്ലപ്പോഴും തമിഴ് സിനിമ കാണുമെന്നല്ലാതെ തമിഴുമായി ഞങ്ങള്‍ക്കാര്‍ക്കും വലിയ ബന്ധമൊന്നുമില്ല. ധാരാളം തമിഴന്മാര്‍ ഞങ്ങളുടെ പ്രദേശത്ത് വന്ന് പണിയെടുത്തു ജീവിക്കുന്നുണ്ട്. അവര്‍ ജീവിതായോധനത്തിന്റെ ഭാഗമായി മലയാളം പഠിക്കാറുണ്ടെന്നതിനാല്‍ അവരുമായി ഇടപെടുന്നതിനും തമിഴ് പഠിക്കേണ്ട കാര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നിരുന്നാലും അവന്‍ പറഞ്ഞത് മുഴുവന്‍ മനസിലായില്ലെങ്കിലും കാര്യം തീരെ മനസിലാകാതെയുമിരുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ പണിക്കു കൊണ്ടു വന്നതാണ് അവനെ. പയ്യന്റെ പണി ബോധിക്കാഞ്ഞിട്ടോ എന്തോ, പണിക്കു കൊണ്ടു വന്നയാള്‍ ഇവനെ പറഞ്ഞു വിട്ടു. ഇനി കേരളത്തില്‍ നിന്നിട്ട് കാര്യമില്ലെന്ന് അവന് മനസിലായി. എങ്ങനെയും നാട്ടിലെത്തണം അതാണ് അവന്റെ ആഗ്രഹം. ആഗ്രഹം ഉണ്ടായാല്‍ നാട്ടിലെത്തില്ലല്ലോ. അതിന് വണ്ടി കയറണം. വണ്ടി കയറണമെങ്കില്‍ വണ്ടിക്കൂലി വേണം. പയ്യന്റെ കൈയ്യില്‍ ഒറ്റ രൂപയില്ല. നാട്ടിലെത്താന്‍ കുറച്ചു പണം കൊടുത്ത് സഹായിക്കണം. അതാണ് തമിഴന്റെ ആവശ്യം. അതിനാണ് അവന്‍ ഞങ്ങളുടെ അടുത്തു വന്നു നില്‍ക്കുന്നത്.
ഇരുന്നൂറ് രൂപയുണ്ടെങ്കിലേ സ്വദേശത്തെത്താനാകൂ. അത് എങ്ങനെയും നല്‍കണമെന്നാണ് ആവശ്യം. തമിഴന്റെ നില്‍പും ഭാവവും കണ്ടിട്ട് കള്ളത്തരം തോന്നുന്നില്ല. എന്നാലും വിശ്വസിക്കുന്നതെങ്ങനെ? ഓരോരുത്തരും ആളാംവീതം തമിഴനെ ക്വസ്റ്റിയന്‍ ചെയ്തു. ഒടുവില്‍ ഉറപ്പിച്ചു. സംഗതി നേരു തന്നെ. വൈകിയില്ല, ജോസഫ്കുട്ടി പോക്കറ്റില്‍ നിന്ന് നൂറു രുപയെടുത്ത് കളത്തില്‍ കീച്ചി. അതു കണ്ടപ്പോള്‍ ഓരോരുത്തരും പോക്കറ്റിന്റെ കനം അനുസരിച്ച് ആവുന്നത് കളത്തിലിട്ടു. എല്ലാം കൂടി എണ്ണി നോക്കിയപ്പോള്‍ 180 രൂപായുണ്ട്. അത് അവന് നല്‍കി. എന്നാല്‍ തമിഴന്‍ പയ്യന്‍ പോകണ്ടേ. അവന്‍ 200 രൂപ കിട്ടിയാലേ പോകൂ. അവന്‍ പറയുന്നത് ന്യായമല്ലേ. ഈ തുക കൊണ്ട് അവന്‍ ഉദ്ദേശിക്കുന്ന ഇടത്ത് ചെല്ലില്ല.
ഏതായാലും ചുറ്റിയ പാമ്പ് കടിച്ചേ പോകൂ എന്ന് വ്യക്തമായി. ആ നിലയ്ക്ക് ചിലരെങ്കിലും കളത്തിലിട്ട തുക ഒന്നു പരിഷ്‌കരിച്ചു. അതോടെ 250 രൂപയോളം ആയി. പോകും വഴി അവന്‍ ഒരു ചായ കൂടി കഴിച്ചിട്ടു പോട്ടെ എന്ന നിലയായിരുന്നു ഞങ്ങള്‍ക്ക്. പണം വാങ്ങി നന്ദി പറഞ്ഞ് പോകാനിറങ്ങിയ പയ്യനോട് ഞങ്ങള്‍ ചോദിച്ചു.
നീ എന്താ ഇങ്ങോട്ടു തന്നെ വന്നത്.?
കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആഫീസാണെന്ന് മനസിലായതു കൊണ്ടു വന്നതാണ്. നിങ്ങള്‍ സഹായിക്കുമെന്ന് അറിയാമായിരുന്നു.
തമിഴിലാണ് അവന്‍ പറഞ്ഞതെങ്കിലും കാര്യം ഞങ്ങള്‍ക്കു മനസിലായി.അപ്പോള്‍ പാര്‍ടിയെക്കുറിച്ച് ഞങ്ങള്‍ക്ക് തെല്ല് അഭിമാനം തോന്നാതെയുമിരുന്നില്ല.
നീ ഏത് പാര്‍ടിയിലാ?
അവന്‍ ഒരു നിമിഷം നിശബ്ദനായി. എന്നിട്ടു പറഞ്ഞു
നിങ്ങള്‍ എനിക്കു പണം തന്നതു കൊണ്ട് എനിക്കു വേണമെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ടിക്കാരനാണെന്ന് പറയാം. പക്ഷെ ഞാന്‍ കമ്മ്യൂണിസ്റ്റല്ല.
പിന്നെ ഏത് പാര്‍ടി?
നാന്‍ വൈകോയുടെ പാര്‍ടിയിലാ
അവന്റെ മറുപടി.
പിന്നെ ആരും ഒന്നും ചോദിച്ചില്ല.
അടുത്ത ബസ് കയറി എറണാകുളത്തെത്തി അവിടെ നിന്ന് നാട്ടിലേക്കു തീവണ്ടി കയറാനാണ് തമിഴന്‍ പയ്യന്റെ യാത്രാ പദ്ധതി. അവന്‍ ഞങ്ങളുടെ സമീപത്തു നിന്ന് പോയി. എന്നാല്‍ അവന്‍ ബസ്‌റ്റോപ്പിലേക്ക് നടക്കുന്നതിന് പകരം എതിര്‍ ദിശയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്ന് അന്ധാളിച്ചു. അവന്‍ നമ്മളെ നൈസായിട്ട് കുപ്പിയിലാക്കിയോ?
എന്നാല്‍ അവനെ പിടികൂടിയിട്ടു തന്നെയെന്നു കരുതി രണ്ടു സഖാക്കള്‍ അവന്‍ പോയ ഭാഗത്തേക്കു വച്ചു പിടിച്ചു. ഏറെ നേരം തെരഞ്ഞിട്ടും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ തിരികെ പാര്‍ടി ഓഫീസിലേക്ക് വന്നു. കാശു പോയതെപ്പറ്റി ഞങ്ങള്‍ സങ്കടം പങ്കുവച്ച് തമിഴന്മാരോടാകെ അമര്‍ഷം കൊള്ളുകയായിരുന്നു.
അപ്പോളുണ്ട് പാര്‍ടി ഓഫീസിന്റെ കവാടത്തിലൂടെ അവന്‍ വരുന്നു. ഞങ്ങള്‍ വിസ്മയത്തോടെ നോക്കി. എന്തായിരിക്കും?
വന്നപാടെ പോക്കറ്റില്‍ ചുരുട്ടി വച്ചിരുന്ന ഒരു നൂറു രൂപ നോട്ട് എടുത്ത് ഞങ്ങള്‍ക്കു നേരെ നീട്ടി അവന്‍ പറഞ്ഞു.
എനിക്ക് വേറെ നൂറു രൂപ കിട്ടി. അതു കൊണ്ട് നിങ്ങളോട് മേടിച്ചതില്‍ നിന്ന് നൂറു രൂപ തിരിച്ചു തരാനായി വന്നതാണ്.
സത്യത്തില്‍ ഞങ്ങളാകെ സ്തബ്ദരായിപ്പോയി.
തമിഴന്മാരെപറ്റി അതു വരെ ചിന്തിച്ചതും പറഞ്ഞതുമെല്ലാം എത്ര വലിയ അബദ്ധമായിരുന്നു. ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
സംഭവിച്ചത് ഇതാണ്. പാര്‍ടി ഓഫീസില്‍ നിന്ന് വെളിയിലേക്കിറങ്ങിയ തമിഴന്‍ അവിടെ അടുത്ത് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു വണ്ടി പാര്‍ക്കു ചെയ്തിരിക്കുന്നത് കണ്ടു. നാട്ടുകാരെ കാണാമെന്ന് വിചാരത്താല്‍ ആ വണ്ടിക്കടുത്തേക്കു പോയപ്പോഴാണ് ഞങ്ങള്‍ തെറ്റിദ്ധരിച്ചത്. അവനെ തെരഞ്ഞു പോയവരാകട്ടെ വണ്ടിക്കരികില്‍ നിന്ന അവനെ കണ്ടതുമില്ല. വണ്ടിയുടെ ഉടമയായ തമിഴന്‍ എത്തിയപ്പോള്‍ അവന്‍ അയാളില്‍ നിന്ന് നൂറു രൂപ വാങ്ങിച്ചു. എന്നിട്ട് ഞങ്ങളില്‍ നിന്ന് വാങ്ങിയ തുകയില്‍ പാതി തിരിച്ചു തരാന്‍ വന്നതാണ.
വല്ലാത്ത ആദരവു തോന്നിപ്പോയി ഞങ്ങള്‍ക്കവനോട്.
എന്തു പറയണമെന്ന് വ്യ്ക്തതയില്ലാതായിപ്പോയ നിമിഷങ്ങള്‍ക്ക് ജോസഫുകുട്ടി വിരാമമിട്ടു.
ഏതായാലും നിനക്കു ഞങ്ങള്‍ തന്ന പണമല്ലേ. നിന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ..
പറഞ്ഞറിയിക്കാനാകാത്ത നന്ദി മിഴികളില്‍ തെളിയിച്ച് അവന്‍ പാര്‍ടി ഓഫീസിന്റെ വാതില്‍ കടന്ന് പുറത്തെ തിളയ്ക്കുന്ന വെയിലിലേക്കിറങ്ങി നടന്നു.

1 comment:

  1. കറുപ്പില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കന്‍ പ്രയാസാ!!

    ജാലകം അഗ്രിഗേറ്ററില്‍ കാണാറില്ലല്ലോ, അതില്‍ വന്നാല്‍ കൂടുതല്‍ വായനക്കരെ കിട്ടും.. :)

    ReplyDelete