സംഭവം നടക്കുന്നത് കോട്ടയം ജില്ലയിലെ വടക്കന്‍ പഞ്ചായത്തുകളിലൊന്നില്‍. ഒരു അസംബ്ലി നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം. ചില ജില്ലകളില്‍ മാത്രം കുറച്ചാളുകള്‍ ഉള്ള പ്രത്യേക തരം കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിള്ളത്തൊട്ടില്‍ എന്നൊക്കെ പറയുന്ന സ്ഥലം. മത സൗഹാര്‍ദ്ദത്തിന് പേരു കേട്ടിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ തട്ടി മുട്ടി പോകുന്നു. ധാരാളം ക്ഷേത്രങ്ങളും ധാരാളം പള്ളികളുമൊക്കെയായി വി്ശ്വാസികളെയും വിരലിലെണ്ണാവുന്ന അവിശ്വാസികളെയും സഹിച്ച് ഈ ദേശം വീര്‍പ്പുമുട്ടി കഴിയുകയാണ്. പ്രത്യേക തരം കോണ്‍ഗ്രസ് പാര്‍ടികളില്‍ ഇരു മുന്നണികളിലും നില്‍ക്കുന്നവര്‍ തമ്മിലുള്ള എട്ടുകാലി മമ്മൂഞ്ഞിംഗ് അല്ലാതെ കാര്യമായ രാഷ്ട്രീയ അന്തരീക്ഷ മലിനീകരണവും ഇല്ല. അങ്ങനെ എന്തു കൊണ്ടും രാജ്യത്തെ പൊതു സ്ഥിതിക്ക് ചേരാത്ത അന്തരീക്ഷം നില നില്‍ക്കുന്ന പ്രദേശം.
്അവിടെ കുറെ പത്രക്കാരുണ്ട്. എന്നു പറഞ്ഞാല്‍ പ്രാദേശിക സ്വ. ലേ മാര്‍. ഇവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍, പ്രത്യേക തരം കോണ്‍ഗ്രസുകള്‍ കഴിഞ്ഞാല്‍ പിന്നെ, ഒരു പക്ഷെ അതിനേക്കാളേറെയും, കിണഞ്ഞു പരിശ്രമിക്കുന്ന വിഭാഗമാണ്. പാഷാണത്തില്‍ കൃമി എന്നൊക്കെ പറയാവുന്ന വകുപ്പില്‍ പെടുത്താവുന്നവര്‍. എല്ലാ പത്രങ്ങളുടെയും കൃമികള്‍ ഇവിടെയുണ്ട്.
ഒരു ദിവസം.
പുലിജന്മമായ ഒരു സ്വ.ലേ തന്റെ ബി എസ് എ സൈക്കിളില്‍ അതി വേഗത്തില്‍ അവിടെയുള്ള ക്ഷേത്രത്തിന്റെ സമീപത്തു കൂടിയുള്ള വഴിയിലൂടെ ഇറക്കം വിട്ടു വരികയായിരുന്നു. അപ്പോള്‍ സമയം ഏതാണ്ട് രാവിലെ 7.30. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വഴിയിലേക്ക് ഇറങ്ങി വന്ന സ്വ.ലേ പെട്ടെന്ന് സൈക്കിള്‍ വെട്ടിത്തിരിച്ചു.
റോഡില്‍ നിറയെ മുടി വിതറിയിട്ടിരിക്കുന്നു. അതും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍. സ്വ.ലേയുടെ ചോര തിളച്ചു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡ ശ്രമമല്ലെങ്കില്‍ പിന്നെ ഇതെന്താണ്? ബാര്‍ബര്‍ ഷാപ്പില്‍ നിന്ന് വാരിക്കൊണ്ടു വന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിതറിയിരിക്കുകയാണ്. ചൂടന്‍ വാര്‍ത്ത!
ഒട്ടും വൈകിയില്ല. അരയില്‍ ബെല്‍റ്റില്‍ കെട്ടി ഉറപ്പിച്ചിരുന്ന ഡിജിറ്റല്‍ ക്യാമറ പുറത്തെടുത്തു. തലങ്ങും വിലങ്ങും നിന്ന് വിവിധ ആംഗിളുകളില്‍ പടമെടുത്തു.
പിറ്റേന്നത്തെ പത്രത്തില്‍ പടം സഹിതം വാര്‍ത്ത വന്നു. ക്ഷേത്ര വഴിയില്‍ മുടി വിതറി! കൂനിന്മേല്‍ കുരു പോലെ ഈ മുടി കണ്ടെത്തിയതിന് തൊട്ടു മുമ്പത്തെ ദിവസം അവിടെയുള്ള ഒരു സമുദായ സംഘടനയുടെ വക ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശിലാഫലകം ആരോ തകര്‍ത്തിരുന്നു. അവിടെ നിന്ന് വെറും 20 മീറ്ററോളം അകലെ മാത്രമാണ് മുടിയും കണ്ടെത്തിയത്. ഈ രണ്ടു സ്ഥലവും സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് തുമ്മിയാല്‍ കേള്‍ക്കാവുന്ന അകലത്തിലും. അദ്യത്തേതിനെ രണ്ടാമത്തേതുമായി ലിങ്ക് ചെയ്തുള്ള പതിവു ശൈലി വാര്‍ത്തയാണ് പത്രത്തില്‍ വന്നത്. പതിവുപോലെ ഉത്തരവാദികളില്ലാത്ത കുറ്റകൃത്യങ്ങളെല്ലാം കെട്ടിവയ്ക്കപ്പെടുന്നത് പാവപ്പെട്ട സാമൂഹ്യ വിരുദ്ധരുടെ തലയിലാണല്ലോ. ഇതും അപ്രകാരം സംഭവിച്ചു. പാവപ്പെട്ട സാമൂഹ്യ വിരുദ്ധന്മാര്‍ക്ക് കിടക്കാന്‍ മേല.
എന്തായാലും പത്രത്തില്‍ വാര്‍ത്ത വന്നതോടെ പോലിസിന് ആസനത്തില്‍ നിശറ് കടിച്ച പോലെയായി. ഉടന്‍ അന്വേഷണം ആരംഭിച്ചു. റോഡില്‍ കിടന്ന മുടി ആരോ ചൂലിന് തൂത്തു വാരി അടുത്ത പറമ്പിലേക്കിട്ടത് വീണ്ടും തടുത്തു കൂട്ടിയെടുത്തു. കോട്ടയത്തു നിന്നും പൊലീസിന്റെ സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി.
സയന്റിഫിക് വിഭാഗം 'ശാസ്ത്രജ്ഞന്‍' പോലിസ് വാരിക്കൂട്ടിയിരുന്ന 'മുടി' എടുത്ത് ഭൂതക്കണ്ണാടിയിലൂടെ പരിശോധിക്കാന്‍ തുടങ്ങി. ഇതു കണ്ട് നാട്ടുകാരും തടിച്ചു കൂടി. കണ്ണിലും മൂക്കിലും നാക്കിലുമെല്ലാം വച്ചുള്ള പരിശോധന. പോലിസ് വിവരമറിയിച്ചതെ തുടര്‍ന്ന് സ്ഥലത്തെ പ്രധാന സ്വ.ലേ മാരും സ്ഥലത്തെത്തി.
കുറച്ചു നേരത്തെ പരിശോധനയ്ക്ക് ശേഷം ശാസ്ത്രജ്ഞന്‍ പറഞ്ഞു.
' ഇത് മനുഷ്യന്റെ മുടിയല്ല'.
പിന്നെ ആരുടെ എന്ന മട്ടില്‍ മറ്റുള്ളവരുടെ നെറ്റി ചുളിഞ്ഞു.
'ഇത് മറ്റേതോ ജീവിയുടെ രോമമാണ്'
അതേത് ജീവി എന്നായി മറ്റുള്ളവര്‍
' അത് കണ്ടെത്തണമെങ്കില്‍ കൂടുതല്‍ പരിശോധന വേണ്ടി വരും..'
ശാസ്ത്രജ്ഞന്‍ പറഞ്ഞു.
അപ്പോള്‍ അതിലേ വന്ന ഒരാള്‍ രോമങ്ങള്‍ എടുത്തു നോക്കി ചെറുതായൊന്ന് വാസനിച്ചിട്ടു പറഞ്ഞു.
' എന്റെ സാറെ ഇത് ആട്ടുംപൂടയാണ്. വേറൊന്നുമല്ല.'
ആളുകള്‍ അയാള്‍ക്കു നേരെയും പൊലീസിലെ ശാസ്ത്രജ്ഞനു നേരെയും മാറിമാറി നോക്കി.
ശാസ്ത്രജ്്ഞന്‍ പറഞ്ഞു.
' ആട്ടിന്‍ പൂടയാണെന്ന് എനിക്കും മനസിലായി. പക്ഷെ കൂടുതല്‍ പരിശോധന കൂടാതെ എനിക്ക് പറയാന്‍ പറ്റില്ലല്ലോ....'
അപ്പോള്‍ ആട്ടിന്‍ പൂട ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വിതറിയത് ആരാണെന്നായി.
ഈ സമയത്ത് ആള്‍്ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുങ്ങുന്നത് ചിലരുടെ ശ്രദ്ധയില്‍ പെട്ടു.
ഒരു കാലിന് സ്വാധീനമില്ലാത്ത അയാള്‍ ചട്ടിച്ചട്ടി അടുത്തുള്ള തന്റെ ചായക്കടയിലേക്ക് നൂണ്ടു കയറി. ചിലര്‍ ഒറ്റിക്കൊടുത്തതനുസരിച്ച് എസ് ഐ നേരെ ചായക്കടയിലേക്ക് വച്ചു പിടിച്ചു. പിന്നാലെ സ്വലേ മാരും നാട്ടുകാരും.
എസ് ഐ യെ കണ്ട് ഒന്നു വിരണ്ടെങ്കിലും മനസ്സാന്നിദ്ധ്യം വിടാതെ വികലാംഗന്‍ ചോദിച്ചു.
' സാറിന് ചായയോ.. കാപ്പിയോ...???'
' ഓരോ കടിയും കൂടി പോരട്ടെ' ഏറ്റവും പഴക്കമുള്ള പത്രത്തിന്റെ സ്വ. ലേ ആയിരുന്നു അത്.
എസ് ഐ അപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. കടി ഇപ്പോള്‍ വേണമെന്നില്ല എന്ന ഭാവത്തില്‍ സ്വ. ലേ അല്‍പമൊന്നു പിന്നാക്കം നിന്നു.
പെട്ടെന്ന് ഒരു ചീറ്റലും ഒരു കരച്ചിലും.
ചായക്കടക്കാരന്‍ വികലാംഗനാണ്.
' എന്റെ സാറെ എന്നെയൊന്നും ചെയ്യരുത്..ഞാന്‍ മനപ്പൂര്‍വമല്ല.'
ചായക്കടക്കാരന്‍ നേരെ എസ് ഐ യുടെ കാലിലേക്ക് ഒരു ഒന്നൊന്നര സാഷ്ടാംഗ പ്രണാമം. എസ് ഐ യുടെ മുഖം ഒന്നു വിടര്‍ന്നു. സര്‍വീസില്‍ പ്രവേശിച്ചതില്‍ പിന്നെ ആദ്യമായി ഒരു കേസ് തെളിയിച്ചതു പോലൊരു ആത്മഹര്‍ഷം അദ്ദേഹത്തിന്റെ മുഖ കമലത്തില്‍.
വത്സാ എഴുന്നേല്‍ക്കൂ എന്ന മഹര്‍ഷി ഭാവേന എസ് ഐ ചായക്കടക്കാരനെ പിടിച്ചെഴുന്നേല്‍പിച്ചു.
' പറയൂ എന്തിനാണ് ക്ഷേത്ര കവാടത്തില്‍ ആട്ടിന്‍ പൂട വിതറിയത്?'
'ഞാന്‍ വിതറിയില്ല സാറെ. . അതെങ്ങനെയാണ് അവിടെ വന്നതെന്ന് എനിക്ക് സത്യമായി്ട്ടും ്അറിയാമ്മേല...'
എസ് ഐ യുടെ നെറ്റി ചുളിഞ്ഞു.
' പിന്നെ എന്തിനാടോ താന്‍ മുങ്ങിയത്'
' അതു പിന്നെ സാറെ ആ ആട്ടിന്‍ പൂട എന്റെയാ... പക്ഷെ അവിടെ കൊണ്ടു ചെന്നിട്ടത് ഞാനല്ല.'
തുടര്‍ന്ന് കടക്കാരന്‍ ആ കഥ വിവരിച്ചു.
ഒരാഴ്ച മുമ്പ്്. ചായക്കടക്കാരന്റെ കറുമ്പിയാട് പു്ല്ലു തിന്നുന്നതിനിടെ കയ്യാലപ്പുറത്തുന്ന് വീണ് കഴുത്തില്‍ കയര്‍ കുടുങ്ങി അന്തരിച്ചു. ഉടുക്കിന് തോലിടാന്‍ വേണ്ടി ഈ ആടിന്റെ തോല്‍ ഉണക്കിയെടുത്ത് രോമം വടിച്ചെടുത്തു. ഈ രോമം ഉപയോഗിച്ച് ബ്രഷ് ഉണ്ടാക്കാമെന്ന് കരുതി ചായക്കടക്കാരന്‍ ഇത് ഒരു പ്ലാസ്റ്റിക് കൂടിലാക്കി, കടയില്‍ സൂക്ഷിച്ചിരുന്നു. ഈ രോമമാണ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സാമൂഹ്യ വിരുദ്ധര്‍ വിതറിയിട്ടത്.
അ്‌പ്പോള്‍ സാമൂഹ്യ വിരുദ്ധന് ഈ കടയുമായി അഭേദ്യ ബന്ധമുണ്ടെന്ന് എസ് ഐ ക്ക് ബോധ്യമായി. മറ്റുള്ളവര്‍ക്കും. ആരാണതെന്നായി അടുത്ത ചോദ്യം. ആ കടയില്‍ പെരുമാറുന്നത് ആരൊക്കെ എന്നായി അന്വേഷണം. കടയില്‍ യഥാര്‍ഥത്തില്‍ കടക്കാരനും ഭാര്യയും മകനും മാത്രമാണ പെരുമാറുന്നത്. ഇവരില്‍ ആരും ആട്ടിന്‍ പൂട ക്ഷേത്ര വഴിയില്‍ വിതറാന്‍ സാധ്യതയില്ല. പിന്നെ ആ സാമൂഹ്യ വിരുദ്ധന്‍ ആര് ????
കടയില്‍ ബ്രഷ് നിര്‍മ്മിക്കാനായി വച്ചിരുന്ന ആട്ടിന്‍രോമം അമ്പലത്തിലേക്കുള്ള വഴിയില്‍ വിതറിയിട്ട് പ്രദേശത്തെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനൊരുമ്പെട്ടവനാര് ?
ഈ സമയം പുറത്ത് ഒരു മുരള്‍ച്ച കേട്ടു.
എല്ലാവരും തിരിഞ്ഞു നോക്കി.
. ചായക്കടക്കാരന്റെ പട്ടി. അവന്റെ വായില്‍ കറുകറുത്ത മുടി; അല്ല, ആട്ടുംപൂട!!!!!!
എസ് ഐയും സ്വ.ലേ മാരും മുഖത്തോടു മുഖം നോക്കി.
ഒരു വാര്‍ത്ത വരുത്തി വച്ച വിനയേ. പോലിസിന്റെ വിലപ്പെട്ട സമയം. കോട്ടയത്തുനിന്ന് പോലീസ് വാഹനം ഓടിച്ചെത്തിയതിന്റെ ചെലവ്. കാഴ്്ചക്കാരായെത്തിയവരുടെ സമയം. ചുരുക്കത്തില്‍ ആയിരക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറിയിരിക്കുന്നു. സ്വ.ലേമാരെ ജനം കൈകാര്യം ചെയ്യേണ്ട സമയമായോ...